കേരളം
കെ.എം ഷാജി എം.എല്‍.എയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി
അനധികൃത സ്വത്തു സമ്പാദനത്തില്‍ ചോദ്യംചെയ്യല്‍ നേരിടുന്ന അഴീക്കോട് കെ.എം ഷാജി എം.എല്‍.എയ്ക്ക് 10 ദിവസത്തെ സാവകാശം കൊടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്.
രണ്ടു ദിവസങ്ങളിലായി 30 മണിക്കൂറിലധികമാണ് ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള ഷാജിയുടെ മൊഴിയും ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുധ്യമുള്ളതിനാല്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് 10 ദിവസത്തെ സമയം അനുവദിക്കുകയായിരുന്നു.
അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ചൊവ്വാഴ്ച രാവിലെയാണ് കെ.എം ഷാജി കോഴിക്കോട് ഇ.ഡി സബ് സോണല്‍ ഓഫിസില്‍ ഹാജരായത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ 14 മണിക്കൂറും രണ്ടാംദിനം 16 മണിക്കൂറും ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
പ്രധാനമായും അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസ്, കോഴിക്കോട്ടെ വീട് നിര്‍മാണം, 2012ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ്, ജനപ്രതിനിധി ആയ ശേഷമുള്ള സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.
കോഴിക്കോട് മാലൂര്‍കുന്നിലെ 1.62 കോടി രൂപയുടെ വീട് നിര്‍മിച്ചതിന്റെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഷാജി നല്‍കിയിട്ടില്ല. വീട് നിര്‍മിക്കാന്‍ ഭാര്യവീട്ടുകാര്‍ ധനസഹായം നല്‍കിയതായും സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങിയെന്നുമാണ് ഷാജിയുടെ മൊഴി.
വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. 2010ല്‍ പങ്കാളിത്തം ഒഴിഞ്ഞപ്പോള്‍ ലഭിച്ച പണവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചതായും ഷാജി നേരത്തെ ഇ.ഡിയെ അറിയിച്ചിരുന്നു. 2014ലാണ് അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്നാണ് ആരോപണം.
ഇക്കാലയളവില്‍ തന്നെയായിരുന്നു വീട് നിര്‍മാണം നടന്നതും. അതുകൊണ്ടാണ് വീട് നിര്‍മാണത്തിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് ഇ.ഡി ചോദിച്ചത്.
എന്നാല്‍, അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ പണം ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ പ്രാദേശിക കമ്മിറ്റിയാണെന്നും പണം വാങ്ങരുതെന്ന് പ്രവര്‍ത്തകരോടും നല്‍കരുതെന്ന് സ്‌കൂള്‍ മാനേജ്മെന്റിനോട് താന്‍ പറഞ്ഞിരുന്നതായും ഷാജി പറഞ്ഞു.
എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ നല്‍കിയതായി രേഖയുണ്ടായിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യ ആശയുടേയും പി.എസ്.സി മുന്‍ അംഗം ടി.ടി ഇസ്മയിലിന്റെയും മൊഴി ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.