കേരളം
ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ തുറന്ന് ജലം ഒഴുക്കിവിട്ട സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടു. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ട് നാലു മണിക്ക് ശേഷമോ, നാളെ രാവിലെ മുതലോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. മുല്ലപ്പെരിയാറിൽ നിന്നുളള വെളളം ഇടുക്കിക്ക് ഉൾക്കൊളളാനാകും. ആശങ്കവേണ്ടെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ എം.പി സാജു. മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം മുല്ലപ്പെരിയാർ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും. തയാറെടുപ്പെല്ലാം പൂര്‍ത്തിയായെന്ന് റോഷി അഗസ്റ്റിനും ആശങ്ക വേണ്ടന്ന് കെ.രാജനും വ്യക്തമാക്കി. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുക. സുരക്ഷാക്രമീകരണങ്ങൾ എല്ലാം പരിശോധിച്ചു. ജനസുരക്ഷയാണ് മുഖ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മന്ത്രിമാർ വ്യക്തമാക്കി.മുല്ലപ്പെരിയാര്‍ ഡാം രാവിലെ ഏഴിന് തുറക്കും. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.