കേരളം
ഇ.ശ്രീധരൻ പാലക്കാട് ബി.ജെ.പി.സ്ഥാനാർത്ഥി
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മെട്രോമാൻ ശ്രീധരൻ പാലക്കാട് മത്സരിക്കും.തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് ഇ. ശ്രീധരനെ ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രത്തിന് കൈമാറും.
അനൗദ്യോഗിക പ്രചരണം നാളെ ആരംഭിക്കും.
എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിറ്റി അദ്ദേഹത്തിന്റെ പേരു മാത്രമാണു കേന്ദ്ര പാർലമെന്ററി ബോർഡിനു നൽകിയതെന്നാണു വിവരം. സംഘടനാ നിർദേശമനുസരിച്ചു ശ്രീധരന്റെ മത്സരത്തിനായി ബിജെപി നേതൃത്വം തയാറെടുപ്പ് ആരംഭിച്ചു. ഇതോടെ പാലക്കാട്ടെ മത്സരം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടും. മത്സരിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ നഗരമണ്ഡലങ്ങളായ തൃപ്പൂണിത്തുറയും തൃശൂരുമാണു പാർട്ടി നേതൃത്വം പരിഗണിച്ചത്.
എന്നാൽ വീട്ടിൽ നിന്ന് അധികം അകലെയല്ലാതെ മത്സരിക്കാനുള്ള ആഗ്രഹം ശ്രീധരൻ പ്രകടിപ്പിച്ചു. തിരുമിറ്റക്കോട് കറുകപുത്തൂരാണു ശ്രീധരന്റെ ജന്മനാട്. അദ്ദേഹം ഇപ്പോൾ താമസിക്കുന്നതു പൊന്നാനിയിലാണ്. പാലക്കാട്ടു സ്ഥാനാർഥിയായി സംസ്ഥാന വക്താവ് സന്ദീപ് ജി. വാരിയരാണ് ആദ്യം ചർച്ചയിലെത്തിയത്. പിന്നീടു ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവരും ചർച്ചയിലെത്തി. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിൽ ഇ. ശ്രീധരൻ സ്ഥാനാർഥിയായി. ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടും സംഘടനാശക്തിയുമുള്ള മണ്ഡലങ്ങളിൽ ഒന്നാണു പാലക്കാട്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയാണു യുഡിഎഫിൽ മൂന്നാംവട്ടവും ജനവിധി തേടുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഇടപെടലുകളും വിശദീകരിച്ച് അദ്ദേഹം പ്രചാരണം ആരംഭിച്ചു.
ഒാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സിപിഎമ്മിലെ സി.പി. പ്രമോദാണ് എൽഡിഎഫ് സ്ഥാനാർഥി. നഗരസഭയിൽ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലും കരുത്തിലുമാണു ബിജെപി ശ്രീധരനെ ഇറക്കുന്നത്. മെട്രോമാന്റെ വ്യക്തിപ്രഭാവവും, രാഷ്ട്രീയത്തിനുപരിയായി ലഭിക്കുന്ന പിന്തുണയും പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ നിരീക്ഷണം പാലക്കാട് മണ്ഡലത്തിലുണ്ടാകും. ഈ മാസം അവസാനം പ്രധാനമന്ത്രി പാലക്കാട്ടു പ്രചാരണത്തിനെത്തുമെന്നാണു സൂചന.