Citizen Story
അതിജീവനത്തിന്റെ ആള് ജീവിതം: ആടുജീവിതം പകരുന്ന സന്ദേശം
ബെന്യാമിന്റെ ആടുജീവിതം ബ്ലെസ്സി ചലച്ചിത്രമാക്കിയപ്പോൾ നമ്മുടെയിടയിൽ ഒരു ചോദ്യമുയർന്നു, ഏതാണ് മുന്നിൽ നിൽക്കുന്നത് പുസ്തകമോ സിനിമയോ?
ആദ്യത്തേത് കഥാകാരന്റെയും ചലച്ചിത്രം സംവിധായകന്റെയും ആവിഷ്കാര സ്വാതന്ത്ര്യമാണ്. പുസ്തകമാണെങ്കിലും സിനിമയാണെങ്കിലും അതിൽ അല്പം ഫാന്റസി ചേർക്കേണ്ടതായി വരും. എന്റെ അഭിപ്രായം – പുസ്തകം വായിക്കണം, പിന്നീട് സിനിമയും കാണണം. ചങ്ങമ്പുഴയുടെ രമണനു ശേഷം മലയാളികൾ ഇത്രയധികം നെഞ്ചിലേറ്റിയ ഒരു കഥാതന്തു മലയാളത്തിൽ ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ ആദ്യദിവസം ആ ചിത്രം കാണണമെന്ന് ഉറപ്പിച്ചു. മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്തു തീയേറ്ററിൽ എത്തി, ചിത്രം കണ്ടു, മോശമല്ല, നന്നായി ചെയ്തിട്ടുണ്ട്. പുസ്തകവും സിനിമയും ചിലപ്പോഴൊക്കെ രണ്ടുതലത്തിൽ പോകുന്നുവെങ്കിലും ചിത്രം ആസ്വദിക്കാൻ ഉതകുന്ന രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. രണ്ടാം പകുതിയിൽ അല്പം ഇഴയുന്നുവെങ്കിലും പൃഥ്വിരാജ് എന്ന മഹാ നടന്റെ പ്രകടനം വേറൊരു തലത്തിലാണ്. ഗംഭീര പെർഫോമൻസ്! സിനിമ കണ്ടിറങ്ങിയതിനു ശേഷം മനസ്സിൽ വന്ന ചില കാര്യങ്ങൾ കുറിക്കാൻ തോന്നി.
2008 ൽ പുറത്തിറങ്ങിയ ആടുജീവിതം എന്ന നോവൽ വായിച്ചത് ഏതാണ്ട് പത്തുവർഷം മുൻപാണ്. ഇറങ്ങുന്ന എല്ലാ സിനിമകളും കാണുന്ന ശീലമില്ല, പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ ബുക്കുകളും വായിക്കുന്ന ശീലവുമില്ല. എഴുത്തിലാണെങ്കിലും സിനിമയിലാണെങ്കിലും പഠനത്തിലാണെങ്കിലും എന്നെ മാനസികമായി കീഴ്പ്പെടുത്തുന്ന, നല്ലത് എന്ന് പറഞ്ഞു കേൾക്കപ്പെടുന്ന സൃഷ്ടികളെ മുൻവിധികളോട് അല്ലാതെ സമീപിച്ച് ആസ്വദിക്കുകയാണ് പതിവ്. അങ്ങനെ വായിച്ചതാണ് ആടു ജീവിതവും. ഒരു ദിവസം കൊണ്ട് 43 അധ്യായങ്ങളും ആസ്വദിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങളും ത്രില്ല് അടിപ്പിക്കുന്ന ട്വിസ്റ്റുകളുംമുൾ മുനയിൽ നിർത്തുന്ന സന്ദർഭങ്ങളും കൊണ്ട് മനസ്സ് കീഴടക്കിയ ബെന്യാമിനും നജീബും…
Each breath is a Battle!!
ആടുജീവിതം സിനിമയുടെ ടാഗ് ലൈൻ ആണിത്. രണ്ടേമുക്കാൽ മണിക്കൂർ തീയറ്ററിലെ ഇരുട്ടിൽ തെളിയുന്ന നടന വൈഭവങ്ങളുടെ ഒടുക്കം മനസ്സിൽ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ എന്റെ ഭാഷയിൽ അത് ഒരു അസാധ്യ സിനിമയാണ്. മനസ്സിൽ അവശേഷിക്കപ്പെടുന്ന സന്ദേശം ജീവിതത്തിൽ ആർക്കെങ്കിലും പ്രയോജന പെട്ടതാണെങ്കിൽ അതിനെ വാഴ്ത്തി പാടാനും മടി കാണിക്കാറില്ല. അങ്ങനെയൊരു സിനിമയാണ് ജിത്തു ജോസഫിന്റെ ദൃശ്യം. അതുകൊണ്ടുതന്നെ പല പൊതുവേദികളിലും ഞാനിത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ആടു ജീവിതത്തിനും അങ്ങനെയൊന്നു പറയാനുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഏതാണ്ട് 80 ലക്ഷത്തോളം ഭാരതീയരുണ്ട്. അതിൽ തന്നെ പകുതിയോളം നമ്മുടെ കേരളത്തിൽ നിന്നാണ്. UAEയിലും, സൗദിയിലും, ബഹറിനിലും, ഖത്തറിലും തങ്ങളുടെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാനായി കിനാവിലും കണ്ണുനീരിലും ഒക്കെയായി കഴിയുന്ന പ്രവാസി ജീവിതങ്ങൾ. പലതും സ്വപ്നം കണ്ട് മരുഭൂമിയിലെത്തിയ നജീബ് ആകസ്മികമായി ചെന്നു പെട്ടത് ക്രൂരനായ അർബാബിന്റെ മുന്നിൽ. പ്രതിസന്ധികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കീറാമുട്ടിയായി മാറിയ ആ ദുഷ്ട മനുഷ്യന്റെ മുന്നിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു പോകുന്ന ഒരു മലയാളി. അയാൾ അധികം പഠിച്ചിട്ട് ഒന്നുമില്ല. എങ്ങനെയാണ് ഈ പ്രശ്നത്തിനെ നേരിടേണ്ടത് എന്നും അയാൾക്കറിയില്ല. പല ഇന്റർവ്യൂകളിലും ടിവി ഷോകളിലും നജീബ് പറഞ്ഞ ഒന്നുണ്ട്… ഞാൻ ഒരുപാട് കരഞ്ഞിരുന്നു ദിവസങ്ങളോളം.
മരിക്കാനായി വിഷപ്പാമ്പിനെ പ്രതീക്ഷിച്ച് എത്രയോ രാത്രികൾ അയാൾ ആ മണൽത്തരികളിൽ കിടന്നു. എത്രയോ തവണ അടി കൊണ്ടു. എത്രയധികം മാനസിക പീഡനം അനുഭവിച്ചു. പക്ഷേ.. ഒടുവിൽ ഒരു ദിവസം.. അയാളുടെ ഈശ്വരാധീനമോ, വീട്ടുകാരുടെ പ്രാർത്ഥനകളോ എങ്ങനെയൊക്കെയോ അയാൾ രക്ഷപ്പെടുന്നു. ജയിൽവാസവും കഴിഞ്ഞ് തിരികെ മടങ്ങി ആറാട്ടുപുഴയിൽ എത്തിയപ്പോൾ ആദ്യമായി കാണുന്ന മകന് ഒരു മിട്ടായി വാങ്ങി
നൽകാൻ ആയില്ല എന്നത് നജീബിന്റെ സങ്കടമായി ഇന്നും മാറുന്നു.
ആടുജീവിതം പകരുന്ന ഒരു സന്ദേശമുണ്ട്…
മനുഷ്യ ജീവിതത്തിൽ പ്രതിസന്ധികളും വൈഷ്യമ്യങ്ങളും സ്വാഭാവികമാണ്. ഒരു പ്രണയം തകർന്നാൽ, ഒരു പരീക്ഷ തോറ്റാൽ, അല്പം സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായാൽ എല്ലാം തകർന്നു എന്ന് കരുതി ജീവിതത്തിൽ നിന്നും തിരിച്ചു നടക്കുന്നവരുണ്ട്. അവരോടാണ് ബ്ലെസ്സിയും നജീബും പറയുന്നത്.. ഓരോ ശ്വാസവും ഓരോ പോരാട്ടങ്ങളാണ്. നമുക്ക് ജീവിതം ഒന്നേയുള്ളൂ… ചിലപ്പോൾ പൊരുതേണ്ടി വരും… അവസാനം വരെയും..
ഇവിടെ അതിജീവനം ആടിത്തീർക്കുന്നത് നജീബ് മാത്രമല്ല. തന്റെ എട്ടാമത്തെ സിനിമയ്ക്ക് വേണ്ടി 16 വർഷം മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ ആ കഥ മനസ്സിലിട്ട് നടന്ന സംവിധായകൻ ബ്ലെസി. പുസ്തകം പുറത്തിറങ്ങി ഒരു വർഷത്തിനകം തന്റെ മനക്കോട്ടയിൽ അതുമായി മാത്രം ജീവിച്ച ഒരു സംവിധായകനും ഇനി മലയാളത്തിൽ ഉണ്ടാവില്ല. ആശയം ഉദിച്ച് ഏഴുവർഷംകൊണ്ട് പൂർത്തിയാക്കിയ തിരക്കഥ. നാലു വർഷങ്ങൾ കൊണ്ട് ഷൂട്ടിംഗ്. അതിനിടയ്ക്ക് മഹാമാരി. ടീം അംഗങ്ങളിൽ അസുഖബാധ. ഒന്നു മാറി ചിന്തിക്കാൻ പറഞ്ഞിട്ടും അടുത്ത സിനിമ ഇനി ഇതുതന്നെ എന്ന് കരുതിയുള്ള ഹോംവർക്ക്. അത്രയാണ് അയാൾക്ക് സിനിമയോടുള്ള പ്രണയം.
2009 ൽ ആ കഥാപാത്രത്തെ മനസ്സിലേകാവാഹിച്ച് വളരെ നാളുകൾ അതിനുവേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുത്ത് ഏതാണ്ട് 31 കിലോ ശരീരഭാരം കുറച്ച്, വിശപ്പ് അനുഭവിച്ച്, മുകളിൽ ആകാശം താഴെ മരുഭൂമി എന്ന മട്ടിൽ നജീബ് ആയി പരിവർത്തനം നടത്തിയ നമ്മുടെ മഹാനടൻ പൃഥ്വിരാജ്.
ഒരു പ്രവാസിയുടെ ജീവിതം അതേപടിയിൽ പുസ്തകത്താളിലേക്ക് പകർത്തി എഴുതണം എന്ന മോഹവുമായി നടന്ന പത്തനംതിട്ടക്കാരൻ ബെന്യാമിൻ. ഈ കഥയുടെ വലിയ സാധ്യതകൾ കണ്ടറിഞ്ഞ്, അല്പം ഭാവനയും സാങ്കൽപ്പികതയും ചേരുംപടി ചേർത്ത് നജീബിന്റെ സ്വപ്നങ്ങളെ, ജീവിതസായാഹ്നങ്ങളെ, നിരാശകളെ, ആഗ്രഹങ്ങളെ, പുസ്തകത്താളിൽ ആക്കിയ പ്രിയപ്പെട്ട കഥാകാരൻ.
നിക്കാഹ് കഴിഞ്ഞ് ആറാം മാസം മരുഭൂമിയിലേക്ക് വണ്ടി കയറിയ ഭർത്താവിന്റെ അകലം സൃഷ്ടിച്ച വേവലാതിയിൽ മാസങ്ങൾ തള്ളിനീക്കിയ നജീബിന്റെ ഭാര്യ..
ഇവരെല്ലാം നമ്മോട് പറയുന്നതും ഇതുതന്നെയാണ്.
നാം അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ്! നമ്മുടെ ഓരോ ശ്വാസവും ഓരോ പോരാട്ടമാണ്!
ജീവിക്കാനുള്ള പോരാട്ടം!
ഡോ. ശ്രീപ്രസാദ് ടി. ജി
മാവേലിക്കര ജില്ലാ ആശുപത്രിയിലെ പീഡിയാട്രീഷൻ ആണ് ലേഖകൻ