ആരോഗ്യം
ഉറക്കത്തിനിടയില്‍ മൊബൈല്‍ ഫോണില്‍ സമയം നോക്കരുത്…
സമയമെന്നത് നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും പരമ പ്രധാനമായ ഒന്നാണ്. സമയം കയ്യില്‍ പിടിച്ച് ജീവിയ്ക്കുന്നവരുമുണ്ട്. രാത്രി ഉറക്കം നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ഇത് കുറവ് ലഭിയ്ക്കുന്നവും കൂടുതല്‍ ലഭിയ്ക്കുന്നവരുമെല്ലാമുണ്ടുതാനും. രാത്രിയില്‍ നല്ല ഉറക്കമെന്നത് ഏറെ അത്യാവശ്യമാണ്.
എന്നാല്‍ ഉറങ്ങാന്‍ കിടന്ന് ഇടയ്‌ക്കൊന്ന് ഉറക്കമെഴുന്നേല്‍ക്കുമ്പോഴും സമയം എത്രയായി എന്ന് നോക്കുന്ന പലരുമുണ്ട്. പണ്ട് ഇത് ക്ലോക്കും ടൈംപീസും വാച്ചുമെല്ലാമായിരുന്നുവെങ്കില്‍ ഇന്ന് സമയം നോക്കാന്‍ പലരും ആശ്രയിക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഉറക്കത്തിനിടയില്‍ കണ്ണു തുറക്കുമ്പോള്‍ സമയം എത്രയായി എന്ന് മൊബൈല്‍ ഓണാക്കി നോക്കും
എന്നാല്‍ നാം പലരും ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, ഇത്തരത്തില്‍ സമയം നോക്കി നാം ഉറങ്ങാന്‍ കിടന്നാല്‍ പിന്നേ കുറേ സമയം കഴിഞ്ഞ് മാത്രം ഉറങ്ങാന്‍ പറ്റുന്നവരും ഉറക്കം ശരിയാകാത്തവരുമെല്ലാമുണ്ട്. ഇടയ്ക്ക് ഉണര്‍ന്നത് കൊണ്ട് ഉറക്കം പോയെന്ന് കരുതുന്നവരാണ് നാം പലരും. എന്നാല്‍ വാസ്തവത്തില്‍ ഇവിടെ വില്ലനാകുന്നത് സമയം നോക്കാന്‍ വേണ്ടി നാം മൊബൈല്‍ എടുത്ത് നോക്കിയതാണ്. ഈ ഒരു കാരണം കൊണ്ടാകാം ഉറക്കം നഷ്ടപ്പെടുന്നത്.
മൊബൈല്‍ ഫോണ്‍ നോക്കുന്നത് ഉറക്കം കളയുന്നതെങ്ങനെയെന്നറിയാമോ. ഇതില്‍ നിന്നും വരുന്ന ബ്ലൂ ലൈറ്റ് തന്നെയാണ് കാരണം. ബ്ലൂ റേ എന്നറിയപ്പെടുന്ന ഈ ലൈറ്റ് നമ്മുടെ ഉറക്കം കെടുത്തുന്നതിന് കാരണക്കാരനാകുന്നു. ഇത് കണ്ണിന് ദോഷമാണ്. ഇതിലേറെ ബ്രെയിനിന് ദോഷമാണ്. ഇതു തന്നെയാണ് ഉറക്കക്കുറവിന് കാരണമാകുന്നതും. ബ്രെയിന്‍ പ്രവര്‍ത്തനം തന്നെയാണ് ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമെല്ലാം കാരണമാകുന്നത്. മൊബൈലിലെ ഈ നീല വെളിച്ചം ബ്രെയിന്‍ പ്രവര്‍ത്തനത്തെ എപ്രകാരം ബാധിയ്ക്കുന്നുവെന്നറിയാം.
ബ്രെയിന്‍ മെലാട്ടനിന്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. ഇതാണ് ഉറക്കം വരുത്തുന്ന ഹോര്‍മോണ്‍. ഈ ഹോര്‍മോണ്‍ ഉല്‍പാദനം ഇരുട്ടിലാണ് സാധാരണ സംഭവിയ്ക്കുക. വെളിച്ചമുള്ളപ്പോള്‍ ഇതിന്റെ ഉല്‍പാദനം കുറയും. നാം രാത്രി ഉറങ്ങുന്നതിനും സൂര്യവെളിച്ചം വരുമ്പോള്‍ ഉണരുന്നതിനും കാരണം ഈ മെലാട്ടനിന്‍ നമ്മുടെ ശരീരത്തെ ഉറക്കത്തിന് പ്രാപ്തമാക്കുന്ന സിര്‍കാഡിയന്‍ റിഥം നേരായ രീതിയില്‍ കൊണ്ടു പോകുന്നത് കൊണ്ട് തന്നെയാണ്.
മൊബൈലിലെ നീല വെളിച്ചം, ബ്ലൂറേ മെലാട്ടനിന്‍ ഉല്‍പാദനം കുറയാന്‍ കാരണമാകുന്നു. ഇതിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ ബ്രെയിന് സന്ദേശം നല്‍കുന്നു. ഇതിലൂടെ നമ്മുടെ ഉറക്കവും തടസപ്പെടുന്നു. സാധാരണ വെളിച്ചത്തേക്കാള്‍ റേഡിയേഷനാണ് ഈ നീല വെളിച്ചത്തിനുളളത്. ഇതാണ് ഇടയ്ക്കുണര്‍ന്ന് മൊബൈലില്‍ സമയം നോക്കിയാല്‍ സംഭവിയ്ക്കുന്നതും.
ഇതോടെ മെലാട്ടനിന്‍ ഉല്‍പാദനം കുറയുന്നു. ഉറക്കം തടസപ്പെടുന്നു. ഇരുട്ടില്‍ നമുക്ക് ഉറക്കം വരുന്നതിന്റ അടിസ്ഥാനവും ഈ മെലാട്ടനിന്‍ പ്രവര്‍ത്തനം തന്നെയാണ്.