Connect with us

Kerala

തങ്ക അങ്കി ഘോഷയാത്ര; ശബരിമലയില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം

Published

on

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഘോഷയാത്ര തടന്നുപോകുന്നതു വരെയായിരിക്കും നിയന്ത്രണം. ഈ സമയത്ത് പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മലകയറാന്‍ അനുവദിക്കില്ല. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി വഴിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ഈ സമയത്ത് മരക്കൂട്ടം മുതല്‍ സന്നിധാനംവരെ ബാരിക്കേഡില്‍ വരിനില്‍ക്കാനും അനുവദിക്കില്ല. ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചാല്‍ ദീപാരാധന കഴിയുംവരെ പതിനെട്ടാംപടി കയറാനും അനുവദിക്കാറില്ല.

രണ്ടുമണിക്ക് എത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതര്‍ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നുവരെ തീര്‍ത്ഥാടകര്‍ക്ക് തങ്ക അങ്കി ദര്‍ശിക്കാം.3.15ന് പമ്പയില്‍നിന്ന് പുറപ്പെട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി എസ് ശാന്തകുമാര്‍, എഇഒ രവികുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

6.15ന് പതിനെട്ടാം പടിക്കുമുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ ഉള്‍പ്പടെയുള്ളവര്‍ സ്വീകരിക്കും. സോപനത്ത് തന്ത്രി കണ്ഠര് രാജീവര് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 26ന് രാത്രി 9.30ന് അത്താഴപൂജയ്ക്കുശേഷം 11.20ന് ഹരിവരാസനംപാടി നടയടയ്ക്കും. 27ന് പുലര്‍ച്ചെ മൂന്നിന് നടതുറക്കും. മണ്ഡലപൂജയ്ക്കുശേഷം നടയടച്ച് വൈകിട്ട് വീണ്ടും തുറക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

Advertisement