കേരളം
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂൾ മാനേജരിൽ നിന്ന് 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിലെ ഡെപ്യൂട്ടി ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറായ സുമേഷ് എസ് എൽ ആണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച സ്കൂൾ ലിഫ്റ്റിൻ്റെ വാർഷിക പരിശോധനയ്‌ക്കായി സുമേഷ് എത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മാനേജറോട് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. സ്കൂൾ അധികാരികളോട് ചോദിക്കാതെ പണം നൽകാൻ സാധിക്കില്ലെന്ന് മാനേജർ മറുപടി നൽകി. മാനേജ്മെൻ്റിനെ അറിയിച്ച ശേഷം ഫോണിൽ വിവരമറിയിക്കാൻ നിർദ്ദേശിച്ച ശേഷം ഇയാൾ മടങ്ങുകയായിരുന്നു.
പിന്നീട് ഇന്ന് പാലാ ഭാഗത്തുള്ള പോളിടെക്നിക്കൽ പരിശോധനയ്ക്കായി വരുമ്പോൾ 7000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ സ്കൂൾ മാനേജറെ അറിയിച്ചു. പിന്നാലെ പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിക്കുകയും കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയുരുക്കി കാത്തിരിക്കുകയുമായിരുന്നു. ഉച്ചയോടെ പണം കൈപ്പറ്റിയ സുമേഷിനെ വിജിലൻസ് കൈയോടെ പിടികൂടി.