കേരളം
ദൗത്യം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല; വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുമെന്ന് വനംമന്ത്രി
ബേലൂര്‍ മഖ്ന ദൗത്യം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. മയക്കുവെടി വയ്ക്കാന്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ, റവന്യു, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് പുതിയ പദ്ധതി നടപ്പാക്കുമെന്നും വനംമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് വയനാട്ടിലെ ജനപ്രതിനിധികളുമായി ഇന്ന് വനംമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ സിസിഎഫ് റാങ്കില്‍ കുറയാത്ത സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനമായി. നടപടികള്‍ കൈക്കൊള്ളുന്നതിലെ കാലതാമസം പ്രധാന പ്രശ്നമായി ജനപ്രതിനിധികള്‍ ചര്‍ച്ചയിലുന്നയിച്ചു.
രാത്രി ഡിജെ പാര്‍ട്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള സ്പെഷ്യല്‍ ഓഫീസറെ വയനാട് ജില്ലയില്‍ നിയമിക്കും. വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണ്ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വന്യജീവി ആക്രമണം തടയാന്‍ റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന വാര്‍റൂം സജ്ജമാക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മയക്കുവെടി വയ്ക്കുന്നതിലെ കാലതാമസം ജനപ്രതിനിധികള്‍ അറിയിച്ചു. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ബേലൂര്‍ മഖ്ന ദൗത്യം അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള വിദഗ്ധരെ എത്തിച്ച് ദൗത്യം ഊര്‍ജ്ജിതപ്പെടുത്തമാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!