കേരളം
കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം; കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം
കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കലോത്സവ വേദിയിൽ ഉണ്ടായ തുടർച്ചയായ സംഘർഷങ്ങൾ അന്വേഷിക്കാൻ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകി.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേരള സർവകലാശാല കലോത്സവം തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദ്ദേശപ്രകാരം നിർത്തിവയ്ക്കുകയായിരുന്നു. നിർത്തിവച്ച കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവച്ചാണ് കലോത്സവം പൂർത്തീകരിക്കുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
കലോത്സവത്തിൽ ഉണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, ഡോക്ടർ ജയൻ എന്നിവരടങ്ങിയ സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചശേഷമാകും കലോത്സവം നടത്തുന്ന വേദികളെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.
കലോത്സവം മാന്വൽ ഭാവിയിൽ പരിഷ്കരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരണം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് സമിതിയെ രൂപീകരിക്കും. ഈ സമിതിയിൽ കലാസാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകുമെന്നും യോഗത്തിൽ തീരുമാനമായി. അതേസമയം കോഴ കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റിനും സൂരജിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.