കേരളം
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പിന്മാറ്റം; ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കി
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവ് റദ്ദാക്കിയത്.
വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയും പ്രധാന അധ്യാപകന് കണ്‍വീനറുമായി നവംബര്‍ 30 നകം ഉച്ചഭക്ഷണ സമിതി രൂപീകരിക്കാനായിരുന്നു നിര്‍ദേശം. പിടിഎ പ്രസിഡന്റ്, മാനേജര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി അടക്കം എട്ട് പേര് അംഗങ്ങള്‍. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് പറയുന്നതാണ് സര്‍ക്കുലര്‍. ഇതിനെതിരെ പലകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പിന്മാറ്റം.
രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൗര പ്രമുഖര്‍ എന്നിവരില്‍ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും സിഎസ്എ ഫണ്ടുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് സമിതിക്ക് പ്രധാന അധ്യാപകന് പണം തിരിച്ചു നല്കുന്ന തരത്തില്‍ ക്രമീകരിക്കാനായിരുന്നു തീരുമാനം.