കേരളം
സിപിഎം 23ാം പാർട്ടി കോൺഗ്രസിനു തുടക്കമായി
സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിനാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുക. വ്യാഴം രാവിലെ ഒൻപതിന് പൊതു ചർച്ച തുടങ്ങും.
അതേസമയം കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നുവെന്ന് സിപിഎം (CPM) സംഘടനാ റിപ്പോർട്ട്. രണ്ട് ശക്തികേന്ദ്രങ്ങൾ ചോർന്ന് പോകുകയാണെന്നും കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോർട്ടിലുണ്ട്. പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് റിപ്പോർട്ടിലുള്ളത്.
പാർട്ടിയുടെ രണ്ടു ശക്തികേന്ദ്രങ്ങൾ ചോർന്നു പോകുന്നു. കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നു. ബിജെപി – ആർഎസ്എസ് ഭരണം ചെറുക്കാൻ പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണം. ബഹുജന അടിത്തറയുള്ള വിപ്ലവ പാർട്ടിയായി മാറണമെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ജനാധിപത്യ ബദൽ ശക്തമാക്കണമെന്ന് റിപ്പോർട്ടിൽ ഉന്നയിക്കുന്നു. സംഘടന ശക്തിപ്പെടുത്തുന്നതിന് 10 നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇടതുമുന്നണി വിപുലീകരിക്കുന്ന കാര്യം കേരളം ഉൾപ്പടെ ആലോചിക്കണം. പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുമായി ബന്ധമുണ്ടാക്കണം. പാർട്ടി അംഗത്വത്തിനുള്ള അഞ്ച് മാനദണ്ഡങ്ങൾ കർക്കശമായി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.