ആരോഗ്യം
കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ
സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ. ഓൺലൈനായും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം. 45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. സർക്കാരിന്റെ കൊവിൻ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകുന്നതിനായി വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 9,51,500 ഡോസ് വാക്‌സിനുകള്‍ കൂടിയാണ് എത്തുക. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്‌സിനുകളും എത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്‌സിനുകള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ടെന്ന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 35 ലക്ഷത്തിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇവരിൽ 4,84,411 ആരോഗ്യ പ്രവര്‍ത്തകർ ആദ്യഡോസ് വാക്‌സിനും 3,15,226 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളിൽ 1,09,670 പേര്‍ക്ക് ആദ്യ ഡോസും 69230 പേര്‍ക്ക് രണ്ടാം ഡോസും ഇതുവരെ നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേര്‍ക്ക് ആദ്യ ഡോസും 12,123 പേര്‍ക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർ 21,88,287 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു.
അതേസമയം രണ്ട് മാസത്തിനകം കോവിഡ് വാക്സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പശ്ചാത്തത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു