ആരോഗ്യം
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് പലയിടത്തും നിയന്ത്രണം
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇനിയൊരു ലോക്ക് ഡൌൺ സംസ്ഥാനത്ത് സാധ്യമല്ല എന്നത് കൊണ്ട് തന്നെ പ്രാദേശിക നിയന്ത്രണങ്ങളും യാത്രാ വിലക്കുകളും പിന്നെ നിരോധനാജ്ഞകളുമാണ് ഇപ്പോൾ സർക്കാരിന് മുന്നിലുള്ളത്. പല ജില്ലകളിലും ഇപ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. അവസാനമായി നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുന്നത് തൃശ്ശൂരും കോഴിക്കോടുമാണ്.
തൃശ്ശൂര്‍ ജില്ലയില്‍ അഞ്ചിടത്താണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരമനയൂര്‍, വെങ്കിടങ്, കുഴൂര്‍, കടപ്പുറം പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനും നിരോധനാജ്ഞയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക്ഡൗൺ. ആളുകൾ കൂടിച്ചേരുന്നതിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. അഞ്ച്പേരിൽ കൂടുതൽ കൂട്ടം കൂടരുത്, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ, ആരോഗ്യമേഖലയിൽപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും, ബീച്ച്,പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല, പൊതുഗതാഗതം സാധാരണനിലയിൽ പ്രവർത്തിക്കും, അതേസമയം പി.എസ്.സി പരീക്ഷകൾ പതിവ് പോലെ നടക്കുമെന്നും കോഴിക്കോട് കലക്ടർ സാംബശിവറാവു അറിയിച്ചു.
കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നുണ്ട്. ടാഗോർ ഹാൾ, അർബ്ബൺ ഹെൽത്ത് സെന്‍റർ – വെസ്റ്റ്ഹിൽ, അർബ്ബൺ ഹെൽത്ത് സെന്‍റർ – ഇടിയങ്ങര, അർബ്ബൺ ഹെൽത്ത് സെന്‍റർ – മാങ്കാവ്, ഫാമിലി ഹെൽത്ത് സെന്‍റർ – ബേപ്പൂർ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നത്. 20,000 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്.