രാജ്യാന്തരം
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് ഡെൽറ്റ വകഭേദം ബ്രിട്ടനിൽ പടരുന്നു
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് ഡെൽറ്റ വകഭേദം പടരുന്നതിൽ ബ്രിട്ടനിൽ ആശങ്ക. ഒരാഴ്ചക്കിടെ 5472 പേരിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ഇതോടെ ഡെൽറ്റ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 12,431 ആയതായി ബ്രിട്ടൻ ആരോഗ്യവിഭാഗം അറിയിച്ചു.
ഡെൽറ്റ വകഭേദം ബാധിക്കുന്നവരിൽ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്ന വിലയിരുത്തലാണ് ആശങ്ക വർധിപ്പിക്കുന്നത്.
അതിനാൽ കടുത്ത ജാഗ്രതയിലാണ് ബ്രിട്ടൻ. കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കെന്റ് പ്രദേശത്ത് കണ്ടെത്തിയ മറ്റൊരു കോവിഡ് വകഭേദമായ ആൽഫയേക്കാൾ അപകടസാധ്യത കൂടുതലാണ് ഡെൽറ്റ വകഭേദത്തിനെന്നാണ് വിലയിരുത്തൽ. ഡെൽറ്റ ബാധിച്ചവരുടെ എണ്ണം ഉടൻ തന്നെ ആൽഫ ബാധിച്ചവരെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. ഡെൽറ്റ വകഭേദം ബാധിക്കുന്നവരിൽ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറൻ ബ്രിട്ടനിലാണ് കൂടുതലായി ഈ വകഭേദം കണ്ടുവരുന്നത്. രണ്ടു ഡോസുകളും എടുക്കുന്നത് ഡെൽറ്റയ്‌ക്കെതിരെ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രോഗലക്ഷണമുളളവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയുമെങ്കിൽ അത് തെരഞ്ഞെടുക്കാൻ മറക്കരുത്. കൈയും മുഖവും സ്ഥിരമായി ശുചിയാക്കുക, സാമൂഹികാകലം പാലിക്കുക, ശുദ്ധവായു ശ്വസിക്കുക തുടങ്ങിയവ തുടർന്ന് ശീലമാക്കണം. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ എത്രയും പെട്ടെന്ന് അത് എടുക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരീസ് ഓർമ്മിപ്പിച്ചു.