കേരളം
കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവാക്‌സിന്‍; പരീക്ഷണ നടപടികള്‍ ആരംഭിച്ചു
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ സെപ്റ്റംബറോടെ കുട്ടികൾക്കും നല്കാനാകുമെന്ന് റിപ്പോർട്ട്. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്‌ന എയിംസില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. രണ്ടും മൂന്നും ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
അതേസമയം വാക്സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ ആവശ്യം തല്‍ക്കാലം പരിഗണിക്കില്ല. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരുമെന്നും വിദഗ്ധ സമിതി അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളിയിരിക്കുകയാണ്.
കോവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് ഡിസിജിഐയുടെ അംഗീകാരവും വൈകാതെ ലഭിക്കും. കോവാക്‌സിന് മൂന്നാംഘട്ട പരീക്ഷണ പ്രകാരം 77.8 ശതമാനം ഫലപ്രാപ്‌തിയാണ് അവകാശപ്പെടുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ കടുത്ത വാക്‌സിൻക്ഷാമം നേരിട്ടതോടെയാണ് മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവരുന്നതിന് മുമ്പു ഡിസിജിഐ കോവാക്‌സിന് ഉപയോഗാനുമതി നൽകിയത്.
മൂന്നാംഘട്ട പരീക്ഷണം 25,800 പേരിലാണ് നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതിയും കോവാക്‌സിന് കിട്ടാൻ ഭാരത് ബയോടെക് ശ്രമമാരംഭിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ കോവാക്‌സിൻ കയറ്റുമതി ചെയ്യാനാകും. വാക്‌സിനെടുത്തവർക്ക് വിദേശത്ത് പോകാൻ നിലവിലുള്ള തടസ്സങ്ങൾ മാറുകയും ചെയ്യും.