കേരളം
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് പാര്‍ട്ടിയിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മിഥുനാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വി.വി. രാജേഷായിരുന്നു മിഥുനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ അവസര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും വി.വി. രാജേഷ് പറഞ്ഞിരുന്നു.
അതിനിടെ നേതാവ് സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി പരാതി വന്നെന്നും തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മുഥുന്‍ പാര്‍ട്ടിയിലെത്തിയത് സമൂഹമാധ്യമങ്ങളില്‍ അടക്കം ബിജെപി പ്രചരണവിഷയമാക്കിയിരുന്നു. ഇതിനിടെയാണ് മിഥുന്‍ തിരിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തിന്റെ പേരിലാണ് സംഭവം ഉണ്ടായതെന്ന് മിഥുന്‍ പറഞ്ഞു. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കണം. മാനസിക സമ്മര്‍ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചതെന്നും സംസാരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും മിഥുന്‍ പറഞ്ഞു.