കേരളം
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമളയാണ് മരിച്ചത്. ചികിത്സാ പിഴവുമൂലമാണ് ശ്യാമള മരിച്ചതെന്ന് ഭർത്താവ് സേതുവു മകൾ യാമിയും ആരോപിച്ചു. സ്ഥലത്തെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകരായ ബന്ധുക്കൾ രംഗത്തുവന്നു.
ആറു ദിവസം മുമ്പാണ് ഹൃദ്രോഗം ബാധിച്ച ശ്യാമളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം വാർഡിലേക്ക് മാറ്റുകയായിരുന്നു . ഇന്നലെ രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്യാമളയെ ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ഭർത്താവും മകളും ആരോപിച്ചു
എന്നാൽ ശ്യാമളയുടെ അടുത്ത ബന്ധുക്കൾ തന്നെ ഇതിന് എതിർ വാദവുമായി എത്തി . കോൺഗ്രസ് അനുഭാവിയായ ശ്യാമളയുടെ ഭർത്താവ് സേതുവും മകളും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് ഒരു വിഭാഗം ബന്ധുക്കളും സിപിഐ എം പ്രവർത്തകരും ആരോപിച്ചു.ഇതിനിടെ ആന്റോ ആൻറണി എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘവും സ്ഥലത്തെത്തി . ഇതോടെ ബന്ധുക്കൾ തമ്മിൽ വാഗ്‌വാദമായി.
വാഗ്വാദം കയ്യാങ്കളിയുടെ വക്കളം എത്തിയപ്പോൾ പോലീസ് ഇടപെട്ടു . ശ്യാമളയുടെ ഭർത്താവിന്റെയും മകളുടെയും മൊഴി രേഖപ്പെടുത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി . അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും ശ്യാമള ഗുരുതര ഹൃദ് രോഗ ബാധിത ആയിരുന്നു എന്നുമാണ് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം.