കേരളം
ആലപ്പുഴ നഗരസഭയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ജില്ലയില്‍ ജില്ലാ കല്കടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. നാളെ വരെയാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് അനുസരിച്ച് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതിനിടെ, എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചു.നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ്റെ പോസ്റ്റ്മോർട്ടം നാളത്തേക്ക് മാറ്റി.
വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കൈമാറുമെന്നായിരുന്നു പൊലീസ് രഞ്ജിത്തിന്റെ ബന്ധുക്കളേയും ബിജെപി നേതാക്കളെയും അറിയിച്ചിരുന്നത്. ആർടിപിസിആർ പരിശോധന ഫലം കിട്ടാൻ വൈകിയതോടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും വൈകുകയായിരുന്നു. രാത്രി പോസ്റ്റ് മോർട്ടം നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും നാളെ രാവിലെ പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം വിട്ടുനൽകുമെന്നുമാണ് പൊലീസ് ഇപ്പോൾ അറിയിക്കുന്നത്.
സംസ്കാരം വൈകിക്കാൻ പൊലീസ് ശ്രമിച്ചെന്നും ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മൃതദേഹത്തോടുള്ള അനാദരവാണ് ഇതെന്നും ബിജെപി പറയുന്നു. നിലവിലെ സാഹചര്യത്തിൽ പൊലീസുമായി ഏറ്റുമുട്ടേണ്ട എന്നാണ് ബിജെപി തീരുമാനം. പക്ഷേ സംസ്കാരം ഇന്ന് നടക്കാതിരിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് പൊലീസ് നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം വിട്ടുകിട്ടിയാൽ നാളെ വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാനാണ് തീരുമാനം. രാവിലെ 9.30ന് വിലാപയാത്ര തുടങ്ങും. ആലപ്പുഴയിൽ പൊതു ദർശനം ഉണ്ടാകും. ഇതിന് ശേഷമായിരിക്കും ആറാട്ടുപുഴയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുക.
രഞ്ജിത് ശ്രീനിവാസനെ വധിക്കാൻ കൊലയാളി സംഘം ബൈക്കുകളിൽ എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ജില്ലയിൽ രണ്ടു ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴയിൽ മന്ത്രിമാർ പങ്കെടുക്കുന്ന സർവകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്.