കാലാവസ്ഥ
വേനൽ മഴയ്‌ക്ക് സാധ്യത; കനത്ത ചൂടിന് ആശ്വാസമായി മാർച്ച് 30-വരെ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത ചൂടിന് ആശ്വാസമായി മാർച്ച് 30-വരെ വേനൽ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. മാർച്ച് 28-നും ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ മഴ പെയ്‌തെക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
മാർച്ച് 29-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ മഴ പെയ്‌തേക്കുമെന്നാണ് സൂചന. മാർച്ച് 30-ന് ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം മഴ സാധ്യതയുള്ളത്.
അതേസമയം സംസ്ഥാനത്ത് താപനില ഇനിയും 40°C വരെ ഉയരാൻ സാധ്യത. മാർച്ച് 26 മുതൽ 30 വരെ തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.