കേരളം
രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്ട് ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് അങ്കമാലിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിയമർന്നെങ്കിലും തീ പൂർണമായും പടരുന്നതിന് മുമ്പ് ഇറങ്ങിയോടിയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെ രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന ആഷിഖ് എന്നയാളുടേയാതാണ് കാർ. അങ്കമാലിയിൽ എത്തിയപ്പോൾ കാറിന്റെ മുന്നിൽ നിന്ന് പുക വരുന്നത് ഉള്ളിലുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ കാർ നിറുത്തിയശേഷം മൂവരും ഇറങ്ങിയോടി. നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു. അങ്കമാലിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസമാണ് കോഴിക്കോട്ട് ഓട്ടോമൊബൈൽസ് ഉടമയായ അറുപത്തെട്ടുകാരൻ കാർ കത്തി ദാരുണമായി മരിച്ചത്. കോഴിക്കോട് കോർപ്പറേഷനിലെ മുൻ ഡ്രെെവർ കൂടിയായ ചേളന്നൂർ പുന്നശ്ശേരിയിൽ പി.മോഹൻദാസിനായിരുന്നു ദാരുണാന്ത്യം. ചെലപ്രം റോഡിൽ നീലകണ്ഠൻ ഓട്ടോമൊബൈൽസ് ഉടമയാണ്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുന്നതിനിടെ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
മോഹൻദാസ് ഓടിച്ചിരുന്ന വാഗൺആറിന് തീപിടിക്കുന്നത് കണ്ട വഴിയാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തി. റോഡരികിലേക്ക് കാർ ഒതുക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങിയത് തടസമായി.ബീച്ച് അഗ്നിശമനസേനയും വെള്ളയിൽ പൊലീസും സ്ഥലത്തെത്തി തീ അണച്ച് പുറത്തെടുത്തപ്പോൾ മരണം സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
കടുത്ത വേനലിൽ ഓടിക്കൊണ്ടിരിക്കെ കാറുകൾക്ക് തീ പിടിക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അന്തരീക്ഷത്തിലെ അമിത ചൂടാണ് ഇതിന് പ്രധാന കാരണമായി പലരും പറഞ്ഞിരുന്നത്. എന്നാൽ അനധികൃതമായി സ്ഥാപിക്കുന്ന ലൈറ്റുകളും മറ്റുമാണ് ഇതിന് കാരണമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നത്. ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.