കേരളം
ടെലികോം വകുപ്പ് അറിയാതെ കോളുകൾ ഉപയോക്താവിന്; കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ
കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ നടത്തിയിരുന്ന ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ സ്വദേശി റസൽ മുഹമ്മദാണ് അറസ്റ്റിലായത്. കേസിൽ തൃക്കാക്കര സ്വദേശി നജീബിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വിദേശത്ത് നിന്നും വരുന്ന കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ രീതി. ഏത് രാജ്യത്ത് നിന്നുള്ള വിളിയാണെന്ന് പോലും കണ്ടെത്താൻ കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനത്തിനും കള്ളക്കടത്തിനും ഉപയോഗിച്ചാൽ പോലും കണ്ടെത്താൻ കഴിയില്ല.
കൊച്ചി നഗരത്തിൽ സമാന്തര എക്‌സ്‌ചേഞ്ചുകൾ നടക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. തൃക്കാക്കരയ്ക്ക് സമീപത്തെ ജഡ്ജിമുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്‌ലാറ്റിലുമാണ് ഇവ പ്രവർത്തിച്ചിരുന്നത്.
തൃക്കാക്കരയിൽ നിന്നും ഒരു കംപ്യൂട്ടറും രണ്ട് മോഡവും അനുബന്ധ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തരത്തിൽ നടക്കുന്ന ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിനും ടെലികോം കമ്പനികൾക്കും ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. തൃക്കാക്കരയിൽ നിന്നും പിടിച്ചെടുത്ത കംപ്യൂട്ടർ ഉപകരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.