കേരളം
വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി
വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി. വനം, പട്ടികജാതി, റവന്യൂ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാരടങ്ങുന്ന ഉപസമിതിയാണ് പ്രവര്‍ത്തിക്കുക. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, റവന്യു വകുപ്പ് മന്ത്രി കെ രാജൻ, പിഡബ്ള്യുഡി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒആർ കേളു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ.
രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനവും വയനാട് കേന്ദ്രീകരിച്ച് തുടരും. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ സര്‍വകക്ഷിയോഗം സംതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒറ്റപ്പെട്ടവരെ മുഴുവനായും രക്ഷപ്പെടുത്താൻ സാധിച്ചു എന്നും സൈന്യം സ്തുത്യർഹമായ പ്രവർത്തനം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരുടെ ചിതറിയ ശരീരങ്ങളാണ് പലയിടങ്ങളിൽ നിന്നായി ലഭിച്ചതെന്നും, മണ്ണ് നീക്കം ചെയ്ത് മൃതദേഹങ്ങൾ കണ്ടെത്താൻ കാലതാമസം വന്നത് ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കാത്തത്തുമൂലമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ബെയ്‌ലി പാലം വരുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു. നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയ ചാലിയാർ പുഴയിൽ തിരച്ചിൽ തുടരും. പുനരധിവാസത്തെ കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രാധാന്യം നൽകുന്നത് രക്ഷാപ്രവർത്തനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസപ്രക്രിയ ശക്തമായി നടക്കുമെന്നും, ക്യാമ്പുകൾ കുറച്ച് നാളുകളിലേക്ക് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ക്യാമ്പുകളിൽ ഓരോ കുടുബത്തിനും സ്വകാര്യത ഉറപ്പാക്കുമെന്നും, സന്ദർശകരെയോ മാധ്യമങ്ങളെയോ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്ദർശകരായെത്തുന്നവർ ക്യാമ്പിന് പുറത്ത് സജ്ജീകരിക്കുന്ന റിസെപ്ഷനെ ബന്ധപ്പെട്ടാൽ ആളുകളെ പുറത്തേക്ക് വിളിച്ച് കാണാമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിലേക്ക് നേരിട്ട് സഹായവുമായി ചെല്ലുന്നത് നിരുത്സാഹപ്പെടുത്തും. കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസമൊന്നും വരില്ല. കുട്ടിയുള്ള സ്ഥലത്ത് വിദ്യാഭ്യാസം എത്തിക്കും. അതിന് തദ്ദേശസ്ഥാപനങ്ങളുൾപ്പെടെ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി.
ദുരന്തം ആളുകളിലുണ്ടാക്കിയ മനസികാഘാതം പ്രതീക്ഷിക്കാവുന്നതിനുമപ്പുറമാണ്. ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ച് മാറ്റിപ്പാർപ്പിക്കാൻ ശ്രമിക്കുകയാണെന്നും. അവർക്ക് ഭക്ഷണം അവിടെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രൈബൽ പ്രമോട്ടര്മാരെ അതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
“ഇതിനോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു ദുരന്തമാണ് പകർച്ചവ്യാധി, അത് സംഭവിച്ചുകൂടാ. ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിക്കുക. അതിനാവശ്യമായ ക്രമീകരണങ്ങൾ കൊണ്ടുവരും.” മുഖ്യമന്ത്രി പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സർട്ടിഫിക്കറ്റുകൾ നൽകാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.