ഇലക്ഷൻ 2024
തെരഞ്ഞെടുപ്പ് നേരിട്ട് കാണാൻ 25 വിദേശ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ച് ബിജെപി; മോദിയുടെ റാലിയിൽ പങ്കെടുത്തേക്കും
ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് വരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കവും പ്രചാരണ രീതികളും നേരിട്ട് കണ്ട് വിലയിരുത്താനുള്ള ബിജെപിയുടെ ക്ഷണം സ്വീകരിച്ചാണ് കക്ഷികളുടെ വരവ്. ഇതുവരെ വിവിധ രാജ്യങ്ങളിലെ 25 രാഷ്ട്രീയ പാർട്ടികളെ ഇതിനായി ക്ഷണിച്ച് ബിജെപി കേന്ദ്ര നേതൃത്വം കത്ത് നൽകിയെന്നാണ് വിവരം.
ഇതിൽ 13 രാഷ്ട്രീയ പാർട്ടികൾ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് എത്തുകയെന്ന പട്ടിക ബിജെപി പിന്നീട് മാത്രമേ പുറത്തുവിടൂവെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ എത്തിയാൽ ഇവർക്ക് ബിജെപി നേതാക്കളുമായും സ്ഥാനാർത്ഥികളുമായും സംസാരിക്കുന്നതിനും ഒപ്പം മോദിയുടെയും അമിത് ഷായുടെയും റാലികളിൽ പങ്കെടുക്കുന്നതിനും സൗകര്യമൊരുക്കും.
അതേസമയം ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയെയും ലേബർ പാർട്ടിയെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്. ജർമനിയിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ്, സോഷ്യൽ ഡെമോക്രാറ്റ്സ് എന്നീ പാർട്ടികൾക്കും ക്ഷണമുണ്ട്. എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പാർട്ടിയെയും ക്ഷണിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെയും ക്ഷണിച്ചിട്ടില്ല. എന്നാൽ ബംഗ്ലാദേശിൽ നിന്ന് ഷേയ്ഖ് ഹസീന നേതൃത്വം നൽകുന്ന ഭരണകക്ഷി അവാമി ലീഗിനെ ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ബിഎൻപിക്ക് ക്ഷണമില്ല. ഈയടുത്ത് ഇന്ത്യ ഔട്ട് മുദ്രാവാക്യം മുഴക്കി ഇന്ത്യൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കെതിരെ ബിഎൻപി വ്യാപക പ്രക്ഷോഭം നടത്തിയതാണ് കാരണം.