കേരളം
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രത
കേന്ദ്രസർക്കാരാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത തുടരണമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സംസ്ഥാനമെങ്ങും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത, ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Also read: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അതീവ ജാഗ്രതാ നിർദ്ദേശം
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ. കെഎം ദിലീപ് പ്രതികരിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്നാട് വിലക്കേർപ്പെടുത്തി. തമിഴ്നാട് സർക്കാർ അതിർത്തികളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാൻ പ്രത്യേക ദൗത്യസംഘങ്ങൾ രൂപീകരിച്ചിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിലും പക്ഷിപ്പനി കണ്ടെത്തി. ഇതേ തുടര്‍ന്ന് ജില്ലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു. ഡിസംബര്‍ അവസാന വാരത്തില്‍ നിരവധി താറാവുകളെ രണ്ട് ജില്ലകളിലും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂരിലെ താറാവ് ഫാമില്‍ 1,500 ഓളം താറാവുകള്‍ ചത്തിരുന്നു. അലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലെ ചില ഫാമുകളില്‍ നിന്നും പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും വേര്‍തിരിച്ചെടുക്കും. ഇതിനകം 12,000 താറാവുകള്‍ മേഖലയില്‍ ചത്തു കഴിഞ്ഞു, പക്ഷിപ്പനി കൂടുതല്‍ പടരാതിരിക്കാന്‍ 36,000 പക്ഷികളെ കൊല്ലാന്‍ സാധ്യതയുണ്ട്. പക്ഷികളെ കൊല്ലുന്നതിന് വേണ്ടി 18 അംഗ ദ്രുത പ്രതികരണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഒരു വെറ്റിനറി ഡോക്ടര്‍ ഉള്‍പ്പടെ പത്ത് പേര്‍ സംഘത്തിലുണ്ടാകും.
അതേസമയം, ജലവാറില്‍ ചത്ത കാക്കകളില്‍ ഭയാനകമായ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് ശേഷം രാജസ്ഥാനില്‍ പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയ്പൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍ കൂടുതല്‍ പക്ഷിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ജല്‍ മഹലില്‍ ഏഴ് കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഡോര്‍ ജില്ലയില്‍ 50ഓളം കാക്കകള്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ഭരണകൂടം പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രദേശത്ത് പനി ലക്ഷണമുണ്ടെന്ന് സംശയിക്കുന്നവരെ തിരിച്ചറിയാനുള്ള ഡ്രൈവ് ഇപ്പോള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, ആലപ്പുഴ കോട്ടയം ജില്ലകളിലെ ആളുകളില്‍ പനി ലക്ഷണമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് സര്‍വേ ആരംഭിച്ചു. പക്ഷികളെ കൊല്ലാന്‍ പോകുന്ന സംഘങ്ങള്‍ക്ക് എച്ച് 1 എന്‍ 1 പ്രതിരോധ മരുന്ന് നല്‍കും.
Also read: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അതീവ ജാഗ്രതാ നിർദ്ദേശം
ജില്ലയിലെ വിവിധയിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതോടെ അന്തരാവയവങ്ങള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.