Covid 19
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു
കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് എടുത്ത സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം വന്നതോടെ തന്നെ ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നിരുന്നു.
എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്നതിന് തീരുമാനമാനിച്ചു. ഇന്ന് 12 മണിയോടെ കളളിങ് ആരംഭിച്ചു. കൈനകരിയില്‍ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്.
പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് പത്തംഗ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപവത്കരിച്ചു. ഒരു വെറ്ററിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും. വെറ്ററിനറി ഡോക്ടറായിരിക്കും സംഘത്തലവന്‍. രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, ഒരു റവന്യൂ ഉദ്യോഗസ്ഥന്‍, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രണ്ട് പണിക്കാര്‍ എന്നിവരുള്‍പ്പെട്ടതാണ് ആര്‍.ആര്‍.ടി. ഒരു ദിവസം കൊണ്ട് കള്ളിങ് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പി.പി.ഇ കിറ്റ് ഉള്‍പ്പടെ ധരിച്ച് മാനദണ്ഡപ്രകാരമായിരിക്കും പക്ഷികളെ നശിപ്പിക്കുന്നത്. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ നിലവിലുണ്ട്. കോഴികള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്ന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കത്തിക്കും. ഇതിനാവശ്യമായ വിറക്, ഡീസല്‍, പഞ്ചസ്സാര തുടങ്ങിയ സാമഗ്രികള്‍ കൈനകരി പഞ്ചായത്ത് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.