കേരളം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുവിനെതിരെ അനില്‍ അക്കര
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുവിനെതിരെ അനില്‍ അക്കര. തട്ടിപ്പില്‍ മുന്‍ എം പിയുടെ പങ്ക് ഞെട്ടിക്കുന്നതാണെന്നും അനില്‍ അക്കര പറഞ്ഞു. കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് ആരോപണങ്ങള്‍.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ ആരോപണവിധേയനായത് മുന്‍ എംപി പി.കെ ബിജുവാണെന്ന് വ്യക്തമാണ്. 2014ല്‍ വടക്കാഞ്ചേരിയിലാണ് പി കെ ബിജുവിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതി സതീഷ് ബിജുവിന്റെ മെന്ററാണ്. അന്ന് ഓഫീസ് എടുത്ത് നല്‍കിയതും ചെലവുകള്‍ വഹിച്ചതും സതീഷാണ്. ഒന്നാം പ്രതിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ പി കെ ബിജുവിനെയാണ് ചുമതലപ്പെടുത്തിയതെന്നും പി കെ ശശിയെ പീഡന കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത് പോലെയാണിതെന്നും അനില്‍ അക്കര പറഞ്ഞു.
കേസില്‍ നിര്‍ണായക കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ലഭിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
എസി മൊയ്തീന് പിന്നാലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സൂചനയാണ് ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതിയായ പി സതീഷ് കുമാര്‍ ഒരു മുന്‍ എംപിയ്ക്ക് പണം കൈമാറിയെന്നാണ് കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന ഓഡിയോ സംഭാഷണങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. രണ്ടു കോടി നല്‍കുന്നത് കണ്ടുവെന്നാണ് കളക്ഷന്‍ ഏജന്റിന്റെ മൊഴി. മൂന്ന് കോടി നല്‍കിയതായി മറ്റൊരു മൊഴിയുമുണ്ട്. മുന്‍ എംപിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.സാക്ഷികള്‍ക്ക് ഭീഷണി ഉണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.
കേസിലെ ഒന്നും രണ്ടും പ്രതികളായ പി പി കിരണ്‍, പി സതീഷ് കുമാര്‍ എന്നിവരെ ഇ മാസം 19 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മുന്‍ മന്ത്രി എ സി മൊയ്തീനോട് തിങ്കളാഴ്ച ഇ ഡി ഓഫിസില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.