കേരളം
ഇലക്ട്രിക് ബസിൻ്റെ വാർഷിക റിപ്പോർട്ട് ചോർന്നതിൽ വിശദീകരണം തേടി
ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി, ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സമര്‍പ്പിച്ചു. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. റിപ്പോര്‍ട്ട് പഠിച്ചശേഷമാകും തുടര്‍നടപടി. അതേസമയം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. വാർഷിക കണക്ക് ചോർന്നതിൽ ഗതാഗത മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്
വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും തട്ടിച്ചുനോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പക്ഷം. ഈ നിലയില്‍ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ എതിര്‍പ്പും ശക്തമായി. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ബിജു പ്രഭാകര്‍ വിദേശത്തായതിനാല്‍ ജോയിന്‍റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, തനിക്ക് കിട്ടും മുമ്പേ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇതിന് പുറമെ മന്ത്രി വിശദീകരണവും തേടി.
സിപിഎം ഇടപെട്ടതിനാല്‍ ഇ ബസില്‍ കരുതലോടെയാണ് ഗണേഷ് കുമാര്‍ നീങ്ങുന്നത്. സിറ്റി സര്‍ക്കുലറിന്‍റെ 10 രൂപ ടിക്കറ്റ് എന്നത് അടിസ്ഥാന ചാര്‍ജാക്കി ഫെയര്‍ സ്റ്റേജ് കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി നിലപാടെടുത്തതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആര്‍ടിസി മരവിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിലെല്ലാം ജോയിന്‍റ് എംഡി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷമാകും മന്ത്രി പ്രതികരിക്കുക.