കേരളം
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; പ്രധാനമന്ത്രി എത്തില്ല
അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടനം ഈ മാസം 28ന് നടത്താന്‍ തീരുമാനം. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. പകരം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
കേന്ദ്രവും സംസ്ഥാനവും 122 കോടി വീതം ആകെ 144 കോടി രൂപ ചെലവഴിച്ചാണ് 6.5 കി.മീ. ദൈര്‍ഘ്യമുള്ള ആലപ്പുഴ ബൈപ്പാസിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ നവംബര്‍ 20നാണ് ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് കാണിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കത്തുകിട്ടിയത്. ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ അറിയിച്ചു. എന്നാല്‍, 55 ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതികരണം ലഭിച്ചില്ല.
നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനം നടത്തുകയാണെങ്കില്‍ ഫ്രെബുവരിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഫെബ്രുവരി അഞ്ചിനു മുമ്ബ് ബൈപാസ് തുറന്നു കൊടുക്കണം. ആയതിനാല്‍ എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് കാണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മന്ത്രി ജി. സുധാകരന്‍ കത്തയച്ചിരുന്നു.