കേരളം
ആലപ്പുഴയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു
വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തനിച്ചായിരുന്ന 80 വയസുകാരിയെ അതിക്രമിച്ചു കയറി ബലമായി മദ്യം കുടിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ കായംകുളം ചിറക്കടവ് അലക്കൻ തറ വീട്ടിൽ രമേശൻ(38), പാലമേൽ പണയിൽഭവനത്തിൽ പ്രമോദ്( 42) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ഇജാസ് വെറുതെ വിട്ട് ഉത്തരവായത്.
2014 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധയായ വീട്ടമ്മ ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയതു. വീട്ടമ്മയുടെ കരച്ചിലും ബഹളവും കേട്ട അയൽവാസികളും മറ്റും ഓടിവന്നപ്പോൾ പ്രതികൾ ഓട്ടോറിക്ഷോ ഉപേക്ഷിച്ചു രക്ഷപ്പെടുകയും തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പരിക്കേറ്റ വൃദ്ധ കായംകുളം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ എതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പിപി ബൈജു, പിഎസ് സമീർ എന്നിവർ കോടതിയിൽ ഹാജരായി.