കേരളം
പൊലീസ് ഉദ്യോഗസ്ഥയെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍
പൊലീസ് ഉദ്യോഗസ്ഥയെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. ബിസ്മ യൂസഫ് ഷെയ്ഖ് എന്ന യുവതിയാണ് പിടിയിലായത്.കുന്‍സര്‍ സ്വദേശിയായ വാസിഫ് ഹസ്സൻ എന്നയാളാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. താൻ ബസിൽ യാത്ര ചെയ്യവേ, പൊലീസ് ആണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ തനിക്കു സമീപം വന്നിരുന്നെന്ന് ഹസ്സൻ പറയുന്നു. ആഷിയ എന്നാണ് പേരെന്നും സബ് ഇന്‍സ്പെക്ടറാണെന്നും യുവതി പരിചയപ്പെടുത്തി.
ജമ്മു കശ്മീര്‍ പൊലീസില്‍ കോണ്‍സ്റ്റബിള്‍ നിയമനം നടത്താന്‍ തനിക്ക് അധികാരമുണ്ടെന്ന് യുവതി പറഞ്ഞു. ജോലി നൽകാമെന്ന വാഗ്ദാനം ലഭിച്ചതോടെ ഹസൻ യുവതിക്ക് 10,000 രൂപ നൽകി. കുറച്ചു ദിവസം കഴിഞ്ഞ് യുവതി വീണ്ടും വിളിച്ചു. വേഗത്തില്‍ നിയമനം ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമന ഉത്തരവ് കയ്യില്‍ത്തരുമെന്ന ഉറപ്പും നല്‍കി.
അതേസമയം കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയ ഹസൻ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബുദ്ഗാം ജില്ലയിലെ തപ്പി ഖാഗ് നിവാസിയായ ബിസ്മ യൂസഫ് ഷെയ്ഖ് ആണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പക്കല്‍ നിന്ന് പൊലീസ് യൂണിഫോമും 10000 രൂപയും അന്വേഷണ സംഘം കണ്ടെടുത്തു.