ക്രൈം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊന്നു. 23 വയസുകാരനായ ആദിത്യനാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം.
നെയ്യാറ്റിന്‍കര കൊടങ്ങാവിള ജംക്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന് സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. ജംക്ഷനില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എത്തിയ കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു.
ആദിത്യന് മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റാണ്. നെല്ലിമൂടുള്ള ഒരു സ്ഥലത്ത് പണം പിരിക്കാന്‍ പോയ സമയത്ത് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാത്രി 7.30 ഓടെയാണ് കൊലപാതകം നടന്നത്. പ്രതികളെ പിടികൂടാനായില്ല. നെയ്യാറ്റിൻകര പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.