കേരളം
വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റവേ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം
കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും. അതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന് തൊട്ടു മുന്നിലായി കുട്ടി ഓടി വന്ന് നില്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് വാഹനത്തിന്റെ ടയറിനടിയില്‍പ്പെട്ടു. നിസാര്‍ – തസ്രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നത്.
കൂടെയുണ്ടായിരുന്ന കുട്ടി, സംഭവത്തിനു പിന്നാലെ വീടിനുള്ളിലേക്ക് കയറിപ്പോയി വിവരം പറഞ്ഞു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ ജീവന് രക്ഷിക്കാനായില്ല. കുട്ടികള്‍ കളിക്കുന്നത് വാഹനം ഗേറ്റ് കടന്ന് വരുമ്പോഴേ കാണാന്‍ കഴിയും. എന്നിട്ടും എങ്ങനെ ഇത്തരമൊരു ദാരുണ സംഭവമുണ്ടായി എന്നത് വ്യക്തമല്ല. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.