കേരളം
കണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
കേളകത്ത് വീട്ടിൽ നിന്നും വൻ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. പന്ന്യമല തൈപറമ്പിൽ വിശ്വന്റെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച വെടിമരുന്നും, പടക്ക നിർമ്മാണ സാമഗ്രികളുമാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
നാല് കിലോ സൾഫർ, അഞ്ച് കിലോ ക്ലോറൈഡ് , രണ്ട് കിലോ അലുമിനിയം പൗഡർ, ഇരുപത്തഞ്ചു ഓലപ്പടക്കം എന്നിവയാണ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇതിന് പുറമേ പടക്കമുണ്ടാക്കുന്നതിനുള്ള തിരികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ സ്‌ഫോടക ശേഖരം കണ്ടെത്തിയത് ആശങ്കയുളവാക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.