കേരളം
കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ വീണത് 70 അടി ആഴത്തിലേക്ക് 38 കാരിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ വീണത് 70 അടി ആഴത്തിലേക്ക് 38 കാരിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തൻ വീട്ടിലെ സുരേഷ്മോന്‍റ് ഭാര്യ പ്രമീളയാണ് കയര്‍ പൊട്ടി കിണറ്റില്‍ വീണത്. 70 അടിയിലേറെ ആഴവും 5 അടി വ്യാസവുമുള്ള കിണറിലേക്കുള്ള വീഴ്ചയില്‍ പ്രമീളയുടെ കാല് ഒടിഞ്ഞ നിലയിലായിരുന്നു.
പാലക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും എത്തിയ സേനാംഗങ്ങളാണ് വേദനകൊണ്ട് നിലവിളിച്ചുകൊണ്ടിരുന്ന പ്രമീളയ്ക്ക് കിണറിനുള്ളില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെ കിണറിന് പുറത്ത് എത്തിക്കുകയുമായിരുന്നു. നെറ്റിന്‍റേയും റോപ്പിന്‍റേയും സഹായത്തോടെയാണ് ഇവരെ പുറത്ത് എത്തിച്ചത്.
കിണറിന് പുറത്തെത്തിച്ച ഇവരെ സ്ട്രക്ചറിന്‍റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു. പാലക്കാട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി വിജയൻ , എസ്എഫ്ആര്‍ഒ ഹരി, എഫ്ആര്‍ഒ മാരായ സതീഷ്, അശോകൻ, പ്രഭു, പ്രണവ്, വികാസ്, കൃഷ്ണദാസ്, ശ്രുതിലേഷ, സുനിൽ കുമാർ, ശിവദാസൻ, ഗൗതം, മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സമാനമായ മറ്റൊരു സംഭവത്തില്‍ 70 അടി താഴ്ച്ചയുള്ള കിണറ്റിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള ആളെ ജൂണ്‍ ആദ്യ വാരത്തില്‍ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. തിരുവനന്തപുരം പെരുമ്പഴുതൂർ ചെമ്മണ്ണുവിള വടകോട് ചരുവിള പുത്തൻ വീട്ടിൽ മണിയൻ എന്ന അനി (45) ആണ് ഏകദേശം 70 അടി താഴ്ചയും 5 അടി വ്യാസവുമുള്ള കിണറ്റിൽ ചാടിയത്. മറ്റൊരാളെ ഉപദ്രവിച്ച ശേഷമായിരുന്നു അനി കിണറിൽ ചാടിയത്. നെറ്റും, റോപ്പും ഉപയോഗിച്ച് കിണറ്റിലിറങ്ങി മുഖത്തും, കാലിനും, തോളിനും പരിക്കുപറ്റിയ അനിയെ വലയ്ക്കുള്ളിൽ കയറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ പുറത്ത് എത്തിക്കുകയായിരുന്നു.