കേരളം
കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ
![arjun lorry accident](https://citizenkerala.com/wp-content/uploads/2024/07/arjun-lorry-accident-1-scaled.jpg)
കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ പെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിനവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിൽ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം.
മണ്ണിടിച്ചിൽ സംഭവിച്ച റോഡിന്റെ ഒരു വശം മാത്രമാണ് പുനസ്ഥാപിക്കുന്നത്. മണ്ണിടിഞ്ഞതിന്റെ അടിയിലായാണ് വാഹനത്തിന്റെ ജിപിഎസ് ലൊക്കേഷൻ കാണിക്കുന്നതെന്ന് അർജുന്റെ ബന്ധു പറഞ്ഞു. അധികൃതരോട് ഒരുപാട് തവണ ഇതേകുറിച്ച് പറഞ്ഞെങ്കിലും ആ ഭാഗങ്ങളിൽ പരിശോധന നടത്താനോ രക്ഷാപ്രവർത്തനത്തിനോ തയ്യാറായില്ല. ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് പരിഗണന നൽകുന്നതെന്ന്, ബന്ധു പറഞ്ഞു.
ഫോൺ ഇടയ്ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോൾ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ നമ്പർ സ്വിച്ച് ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
അതേസമയം, ഇന്നാണ് സംഭവം അറിഞ്ഞതെന്ന് കേരളത്തിന്റെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ഇത്ര ദിവസമായി ഇതേ പറ്റി അറിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. അപകടവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കർണാട ഗതാഗത മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി അടിയന്തരമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിലും അർജുനെ കണ്ടെത്തൻ സാധിക്കാത്തത് ദൗർഭാഗ്യകരമാണ്, മന്ത്രി പറഞ്ഞു.