രാജ്യാന്തരം
യുഎഇയിൽ വൻ സൈബർ ക്രൈം; മലയാളികൾ അടക്കം അറസ്റ്റിലെന്നു സൂചന
യുഎഇയിൽ വിവിധ എമിറേറ്റുകളിലായി ഒരു സുപ്രധാന ഓപ്പറേഷനിലൂടെ പ്രധാന സൈബർ ക്രൈം സംഘത്തെ അധികൃതർ തകർത്തതായി റിപ്പോർട്ട്. രാത്രി മുഴുവൻ നീണ്ടുനിന്ന നടപടിയിൽ ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മലയാളികൾ ഉൾപ്പെടെ നൂറോളം ഇന്ത്യക്കാർ അറസ്റ്റിൽ ആയെന്നാണ് സൂചന.
സംഘം മലയാളികൾ അടക്കം നിരവധി പേരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭാഗമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 മഹാമാരിക്ക് മുമ്പ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ചത് ചില ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളിൽ ആയിരുന്നു.എന്നാൽ അവിടത്തെ കടുത്ത നടപടികൾ പുതിയ സ്ഥലങ്ങൾ തേടാൻ സിൻഡിക്കേറ്റുകളെ നിർബന്ധിതരാക്കിയെന്നാണ് സൂചന.
യുഎഇയിൽ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടന്നത് ബുധനാഴ്ച അജ്മാൻ എമിറേറ്റിലാണ്. സിറ്റിയിലെ ഗ്രാൻഡ് മാളിലും സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡൻഷ്യൽ ടവറുകളിലും പ്രത്യേകസേന റെയ്ഡ് നടത്തി. രാത്രി തുടങ്ങി പുലർച്ചെ വരെ നീണ്ട ഓപ്പറേഷനിൽ നൂറുകണക്കിന് പ്രതികളെ പിടികൂടി. അവരുടെ പങ്കിനേക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്യും. ദുബായ് എമിറേറ്റിലും സമാനമായ നടപടി ഉണ്ടായി. ദുബായ് ലാൻഡിലെ റഹാബ റെസിഡൻസിലായിരുന്നു ഏറ്റവും വലിയ റെയ്ഡ്.
മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് പേരെ ഈ സൈബർ കുറ്റവാളികൾ വലയിൽ കുടുക്കി എന്നാണ് അറിവ്. ടെലിസെയിൽസ് ഏജൻ്റുമാർ ഏറ്റവും താഴെയും “കില്ലേഴ്സ് ” എന്നറിയപ്പട്ട -വിദഗ്ധരായ ഹാക്കർമാർ-മുകളിൽ എന്ന നിലയിലെ ശ്രേണിയിലാണ് പ്രവർത്തിച്ചതെന്ന് ഖലീജ് ടൈംസ് ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പറയുന്നു. ഇരകളുമായി ആദ്യം ബന്ധപ്പെടുന്ന ഹാൻഡ്‌ലർമാരെ “ഓപ്പണിംഗ് ബാറ്റ്സ്മാൻ” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
അവരെ ആദ്യം വിളിച്ച് സംഭാഷണം ആരംഭിച്ച ശേഷം ഗൂഗിൾ റിവ്യൂകൾ പോസ്റ്റുചെയ്യുന്നതും YouTube വീഡിയോകൾ ലൈക്ക് ചെയ്യുന്നതും പോലുള്ള ലളിതമായ ജോലികൾ ഏൽപ്പിക്കും. അവരുടെ കമ്പ്യൂട്ടർ സ്ക്രീനിൽ വരുന്ന സ്ക്രിപ്റ്റ് അവർ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഹാൻഡ്ലർമാർ കോളുകൾ നിരീക്ഷിച്ചുവെന്നും സൂചനയുണ്ട്.
വിശ്വാസം ലഭിച്ച ആളുകളുടെ പങ്കാളിത്തം ദൃഢമായതോടെ അവർ നൂറുകണക്കിന് അംഗങ്ങൾ ഉള്ള ഒരു വലിയ ടെലിഗ്രാം ഗ്രൂപ്പിന്റെ ഭാഗമായി. ദിവസേന നൂറുകണക്കിന് ആളുകളെ കൂട്ടമായി കബളിപ്പിച്ചുവെന്നും ദിവസവരുമാനം ഒരു ലക്ഷം ദിർഹം (20 ലക്ഷം രൂപയോളം ) കടന്നപ്പോൾ സന്തോഷ സൂചകമായി വലിയ ആഘോഷം ഉണ്ടായിരുന്നു എന്നും ഇതിൽ പെട്ടവർ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫ് മേഖലയിലെ സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ പെട്ടവരെ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഓപ്പറേഷൻ അടയാളപ്പെടുത്തുന്നതെന്നാണ് നിഗമനം. ഇതേക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായ പ്രസ്താവന ഇറക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് സൂചന.