രാജ്യാന്തരം
മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി
ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു താരങ്ങൾ കൊഴിഞ്ഞു പോകുന്നത് തുടരുന്നു. ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച് ടീം വിട്ടു. അടുത്ത സീസണിൽ താരം ടീമിലുണ്ടാകില്ല. ഈ സീസണിൽ ടീമിന്റെ പ്രതിരോധ നിരയ്ക്ക് കരുത്തു പകർന്ന താരമാണ് ലസ്കോ.
2021ലാണ് ലസ്കോവിച് ബ്ലാസ്റ്റേഴ്സിലെത്തിയത്. പ്രതിരോധത്തില്‍ ടീമിന്‍റെ വിശ്വസ്തനായിരുന്നു 33കാരന്‍. താരം ഇനി ഐഎസ്എല്‍ കളിക്കുമോ എന്നത് വ്യക്തമല്ല.
നേരത്തെ ദിമിത്രി ഡയമന്റക്കോസ് ടീം വിട്ടത് ആരാധകരെ നിരാശയിലാക്കിയിരുന്നു. പിന്നാലെയാണ് മറ്റൊരു മികച്ച താരം കൂടി ടീമിന്റെ പടിയിറങ്ങിയത്. ഇരുവരേയും കൂടാതെ ഗോൾ കീപ്പർമാരായ കരൺജീത് സീങ്, ലാറ ശർമ എന്നിവരും ടീം വിട്ടു. ജപ്പാൻ താരം ഡൈസുകെ സകായും ടീമിൽ നിന്നു ഒഴിവായിട്ടുണ്ട്. ക്ലബ് വിടുന്ന ലാറ ശർമ ലോൺ അടിസ്ഥാനത്തിൽ ടീമിൽ കളിക്കാനെത്തിയ താരമാണ്.
താരങ്ങൾക്കൊപ്പം ടീമിന്റെ സഹ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഫ്രാങ്ക് ഡൗവെന്നും ടീം വിട്ടു. രണ്ട് വർഷമായി ടീമിന്റെ ഭാഗമായിരുന്നു ഡൗവെൻ.
പരിശീലകൻ ഇവാൻ വുകോമനോവിചിന്റെ പകരക്കാരനായി സ്വീഡൻ പരിശീലകൻ മികേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് സമീപ ദിവസമാണ് പ്രഖ്യാപിച്ചത്. വരുന്ന സീസണിൽ മുഖം മിനുക്കിയാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കവും ക്ലബ് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.