രാജ്യാന്തരം
യുഎഇയിൽ കനത്ത മഴ തുടരുന്നു; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി
യുഎഇയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. യുഎഇയിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കനത്ത മഴയെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്തിലേയ്ക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളം, ദുബായ് മാൾ, മാൾ ഒഫ് എമിറേറ്റ്‌സ്, ദുബായ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ അടക്കം വെള്ളം കയറി. നിരവധി റോഡുകൾ തകർന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്.
കനത്ത മഴയെത്തുടർന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) യുഎഇയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് എൻസിഇഎംഎ നിർദ്ദേശത്തിൽ പറയുന്നത്.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകലെയുള്ളതും സുരക്ഷിതവും ഉയർന്നതുമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും അതോറിറ്റി നിർദ്ദേശിക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ എല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാരോട് ഇന്നും വർക്ക് ഫ്രം ഹോമിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. മാർച്ചിലും യുഎഇയിലുള്ളവരോട് താമസസ്ഥലത്ത് തന്നെ തുടരാൻ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.