കേരളം
കാട്ടാന ആക്രമണ മരണം; യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം നടന്നത് 20 കിലോമീറ്ററോളം
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്.
തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
ചെങ്കുത്തായ മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂർ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേയ്ക്ക് വനപാതയിലൂടെ മൃതദേഹം കൊണ്ടുപോയത്.
പോലീസ് സംഘത്തിൽ മേപ്പാടി എസ്.എച്ച്.ഒ ബി. കെ സിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പിളി, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, റഷീദ് എന്നിവരാണ് ഉണ്ടായിരുന്നത്.