ആരോഗ്യം
പത്തുവയസ്സിന് താഴെ പ്രായമായ കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍
പത്ത് വയസ്സുപോലും തികയാത്ത കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തില്‍ സര്‍വേ നടത്താൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന സര്‍വേയ്ക്ക് ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്താണ് നേതൃത്വം വഹിക്കുക.
പത്ത് മുതൽ 13 വയസ്സിനുമിടൽ പ്രായമായ പെൺകുട്ടികളിലാണ് ആര്‍ത്തവം തുടങ്ങുന്നത്. ആണ്‍കുട്ടികളില്‍ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്ത് വയസ്സിനു താഴെയുള്ള കുട്ടികളില്‍ ശാരീരികമാറ്റങ്ങള്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ട്.
കുറച്ച് നേരത്തെ ആർത്തവം തുടങ്ങിയാൽ എന്താ പ്രശ്നം എന്നു ചിന്തിച്ചിട്ടുണ്ടോ? ചെറിയ പ്രായത്തിൽ തന്നെ ആർത്തവം ആരംഭിച്ച പെൺകുട്ടികൾക്ക് ഭാവിയിൽ മറ്റു രോഗങ്ങൾ ബാധിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണു പുതിയ കണ്ടെത്തലുമായി മുൻപോട്ടു വന്നിരിക്കുന്നത്. 20 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള 17,300 പേരിലാണ് 1999– 2018 കാലയളവിൽ ഇവർ ഈ പഠനം നടത്തിയത്. ആർത്തവാരംഭം 10 വയസ്സിൽ താഴെ, 11, 12, 13, 14, 15 വയസ്സിൽ, 15 വയസ്സിനു മുകളിൽ എന്നിങ്ങനെ തരംതിരിച്ചാണു പഠനങ്ങൾ. ലൂസിയാനയിലെ ഇലൈൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടു പ്രകാരം 17,300 പേരിൽ പത്തു ശതമാനത്തിൽ കൂടുതൽ പേർക്ക് (1773 പേർക്ക്) ഇക്കാലയളവിൽ ടൈപ് 2 പ്രമേഹം ബാധിച്ചിരുന്നു. ഇത്തരത്തിൽ പ്രമേഹം ബാധിച്ചവരിൽ തന്നെ 13 വയസ്സിനു മുൻപ് ആർത്തവം തുടങ്ങിയവരിൽ ഇതിന്റെ തോതു വളരെ കൂടുതലായി കണ്ടെത്തി.
പത്തു വയസ്സിൽ താഴെ പ്രായത്തിൽ ആർത്തവം ആരംഭിച്ചവർക്ക് ടൈപ് വൺ പ്രമേഹ സാധ്യത 32 ശതമാനവും 11, 12 വയസ്സുകളിൽ യഥാക്രമം 14 ഉം 29 ഉം ശതമാനം വീതവും ആയിരുന്നു ഇത്. 10 വയസ്സിൽ താഴെ ആർത്തവം വന്നവരിൽ പക്ഷാഘാത സാധ്യത മൂന്നിരട്ടിയാണെന്നും ഇവർ കണ്ടെത്തി. ചുരുക്കത്തിൽ വളരെ നേരത്തെ ആർത്തവം വന്നവർ ഭാവിയിൽ വന്നേക്കാവുന്ന പ്രമേഹം പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനോ തീവ്രത കുറയ്ക്കാനോ ഉള്ള മുൻ കരുതലുകൾ എടുക്കണമെന്നു സാരം.