Uncategorized
മാസപ്പടി വിവാദം: കെഎസ്‌ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സിഎംആര്‍എലിന്റെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് കെഎസ്‌ഐഡിസി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കോര്‍പറേറ്റ് മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ് എസ്എഫ്‌ഐഒ സ്ഥാപനത്തില്‍ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്‌ഐഡിസിയുടെ ആരോപണം.
അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ അറിയിച്ചിരുന്നു. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതുകൊണ്ട് അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി കെഎസ്‌ഐഡിസിയോട് ചോദിച്ചു.
സിഎംആര്‍എല്‍എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമുണ്ടായപ്പോള്‍ തന്നെ സിഎംആര്‍എലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് വാദം കേള്‍ക്കുന്നത്.