കേരളം
വാഗമൺ ലഹരിമരുന്ന് നിശാ പാര്‍ട്ടി; ഒമ്പത് പേര്‍ അറസ്റ്റില്‍
വാഗമണില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന ലഹരിമരുന്ന് നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ അറസ്റ്റില്‍. ഒരു സ്‌ത്രീയും അറസ്റ്റിലായവരില്‍ പെടുന്നു. പാര്‍ട്ടിയുടെ സംഘാടകരാണ് ഇവര്‍. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
തൊടുപുഴ സ്വദേശി അജ്മല്‍ (30), മലപ്പുറം സ്വദേശി മെഹര്‍ ഷെറിന്‍ (26), കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഷീദ് (31), തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23), എടപ്പാള്‍ സ്വദേശി നബീല്‍ (36), ചാവക്കാട് സ്വദേശി നിഷാദ് (36), കോഴിക്കോട് സ്വദേശികളായ സല്‍മാന്‍ (38), അജയ്(41), ഷൗക്കത്ത് (36)എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
എം.ഡി.എം.എ, കഞ്ചാവ്, ചരസ്, ഹാഷിഷ്, എല്‍.എസ്.ഡി, മറ്റ് ലഹരി വസ്തുക്കള്‍ ഇവരുടെ പക്കല്‍ നിന്ന് കുറഞ്ഞ അളവില്‍ കണ്ടെടുത്തിട്ടുണ്ട്. സമൂഹ മാധ്യമം വഴിയാണ് ഇവര്‍ കൂട്ടായ്മ ഉണ്ടാക്കിയത്. മഹാരാഷ്ട്ര, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചതാണ് ലഹരിമരുന്ന്. ഈ സംഘം മുനപും വാഗമണില്‍ മറ്റൊരു കേന്ദ്രത്തില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
അറുപത് പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ ദമ്പതിമാരാണ്. മറ്റുള്ളവര്‍ യുവതീ യുവാക്കളാണ്. പാര്‍ട്ടിക്കിടെ ഉപയോഗത്തിന് കൊണ്ടുവന്ന ലഹരിമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇവര്‍ പല മേഖലകളില്‍ ജോലി ചെയ്യുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.
25 ഓളം സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.