കേരളം
വിവരാവകാശ കമ്മിഷൻ മിന്നല്‍ പരിശോധന ആദ്യം കലക്ടറേറ്റുകളിൽ
വിവരാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ആദ്യം മിന്നല്‍ പരിശോധനകൾ നടത്തുന്നത് കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം. ആലപ്പുഴ കളക്ടറേറ്റില്‍ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് ആയിരിക്കും മിന്നല്‍ പരിശോധനയുടെ തുടക്കം.
ഇതിനായി സജ്ജമാകാന്‍ കളക്ടര്‍മാരുടെ പ്രത്യേക യോഗം വിളിക്കും.കലക്ടേഴ്സ് മീറ്റിംഗിൽ ഇത് പ്രത്യേകം ചർച്ച ചെയ്യും.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട പരിശോധന. ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഫോറസ്റ്റ് വകുപ്പുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമാകും പരിശോധന. ആലപ്പുഴ ജില്ലയില്‍ റവന്യൂ,വിദ്യാഭ്യാസ വകുപ്പുകള്‍ കേന്ദ്രീകരിച്ചാകും പരിശോധന. ചേപ്പാട്, തകഴി തുടങ്ങിയ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലും പരിശോധന നടത്തും. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലും പരിശോധന നടത്തും.
വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അപേക്ഷകന് വിവരങ്ങള്‍ കൈമാറാത്ത ഉദ്യോഗസ്ഥര്‍ ജനാധിപത്യ സര്‍ക്കാരിന് ദുഷ്‌പ്പേരുണ്ടാക്കും. വിവരാവകാശ നിയമപ്രകാരമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി കമ്മീഷന്റെ പഠനങ്ങളില്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കൈകടത്തലുകള്‍ ഇല്ലാതെ പൗരന് നേരിട്ട് ലഭ്യമാക്കാനുള്ള അവസരം തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. അപേക്ഷ നല്‍കാതെ തന്നെ ജനത്തിന് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അപേക്ഷ കൊടുത്ത് വാങ്ങേണ്ടത് ഏറ്റവും പുതിയ വിവരങ്ങളാണെന്നും എ.എ. ഹക്കീം പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍, അത് ലഭിക്കുന്നതിനുള്ള ഫോണ്‍ നമ്പര്‍, വെബ്‌സൈറ്റ് എന്നിവ ജനങ്ങളെ അറിയിക്കണമെന്ന് വിവരാവകാശ നിയമം നാലാം വകുപ്പില്‍ പറയുന്നുണ്ട്. അതുപ്രകാരമുള്ള വിവരങ്ങൾ 2005 ഒക്ടോബര്‍ 12-ന് ശേഷം 120 ദിവസത്തിനുള്ളില്‍ സൈറ്റില്‍ നല്‍കിയിരിക്കണം എന്നതായിരുന്നു നിയമം. എന്നാല്‍ പല ഓഫീസുകളും ഇത് ചെയ്തിട്ടില്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസിലെ എല്ലാ വിവരങ്ങളും തരംതിരിച്ച് സൂക്ഷിക്കണം. വിവരാവകാശ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അധിക തുക ഈടാക്കിയ ഉദ്യോഗസ്ഥര്‍ ആ തുക തിരികെ കൊടുക്കണം. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. പല ഉദ്യോഗസ്ഥരും വിവരങ്ങള്‍ നല്‍കാത്തത് അവര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പലതും മറച്ചു വെക്കാന്‍ ഉള്ളതുകൊണ്ടാണ് എന്നാണ് കമ്മീഷന്‍ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പബ്ലിക് റെക്കോര്‍ഡ്‌സ് ആക്ട് അനുസരിച്ച് സര്‍ക്കാര്‍ ഫയല്‍ ഉദ്യോഗസ്ഥന്‍ മുക്കുകയോ ഫയല്‍ ഹാജരാക്കാന്‍ പരാജയപ്പെടുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ മുകളിലോട്ട് പിഴയും ഇവ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കാം. ഇതേ നിയമം തന്നെയാണ് വിവരാവകാശ നിയമത്തിലും പറയുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകള്‍ കാണാതായാല്‍ ഫയലുകള്‍ ഉദ്യോഗസ്ഥര്‍ പുനര്‍ സൃഷ്ടിച്ച സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരവകാശ കമ്മീഷന്റെ സിറ്റിങ്ങുകളില്‍ ദൂരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പങ്കെടുക്കാമെന്നും കമ്മീഷണര്‍ പറഞ്ഞു.
ഹിയറിങ്ങില്‍ വിദ്യാഭ്യാസ വകുപ്പില്‍ നേരിട്ട് നടക്കുന്ന നിയമനങ്ങള്‍, സ്ഥല മാറ്റങ്ങള്‍, തസ്തിക മാറ്റം പോലെയുള്ള നിയമനങ്ങളില്‍ വ്യക്തമായ രേഖയുടെ അഭാവത്തില്‍ ഹര്‍ജിക്കാരന് അവ ലഭ്യമാക്കാന്‍ 21 ദിവസം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുവദിച്ചു. ഓട്ടോ കാസ്റ്റിലെ ജീവനക്കാരന് നല്‍കാന്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും അതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഒരാഴ്ച അനുവദിച്ചു. ആലപ്പുഴ നഗരസഭയില്‍ എന്‍ജിനീയറിങ് വിഭാഗത്തിനെതിരെ വന്ന പരാതിയില്‍ വിവരം തല്‍ക്ഷണം ലഭ്യമാക്കി. തകഴി വില്ലേജിലെ പുറമ്പോക്ക് ഭൂമിയുടെ രേഖകളെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ അപേക്ഷകന്റെ ആവശ്യപ്രകാരം ജില്ല കളക്ടര്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!