ദേശീയം
രുചി കുറഞ്ഞാൽ ഭാര്യയോട് ദേഷ്യപ്പെടുന്നതും തല്ലുന്നതുമല്ല പൗരുഷം; പ്രവർത്തകരെ ഉപദേശിച്ച് ഉവൈസി
ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനോ അവളുടെ നേരെ ആഞ്ഞു പ്രഹരിക്കുന്നതിനോ പകരം അവളുടെ ദേഷ്യം സഹിക്കുന്നതിലാണ് യഥാർത്ഥ പുരുഷത്വം ഉള്ളതെന്ന് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീൻ ഒവൈസി. പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പുരുഷന്മാർ ഭാര്യമാരോട് ദയ കാണിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. ‘‘ഇതു മുൻപു പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. അതു പലരെയും വിഷമിപ്പിച്ചു. നിങ്ങളുടെ ഭാര്യ നിങ്ങളുടെ വസ്ത്രങ്ങൾ കഴുകുകയോ ഭക്ഷണം പാചകം ചെയ്യുകയോ നിങ്ങൾക്ക് തല മസാജ് ചെയ്യുകയോ ചെയ്യണമെന്ന് എവിടെയും പറയുന്നില്ല. ഭാര്യയുടെ സമ്പാദ്യത്തിൽ ഭർത്താവിന് അവകാശമില്ല. പക്ഷേ, ഭർത്താവിന്റെ സമ്പാദ്യത്തിൽ ഭാര്യയ്ക്ക് അവകാശമുണ്ട്, കാരണം അവൾ കുടുംബം നടത്തണം എന്നാണ് പറയുന്നത്.
പലരും പാചകം ചെയ്യാത്തതിന്റെ പേരിൽ ഭാര്യമാരെ വിമർശിക്കുകയും അല്ലെങ്കിൽ ഭക്ഷണത്തിന്റെ രുചി കുറഞ്ഞതിന്റെ പേരിൽ കുറ്റം പറയുകയും ചെയ്യുന്നുണ്ട്. ഭാര്യമാരോടു ക്രൂരമായി പെരുമാറുന്നവരും അവരെ തല്ലുന്നവരുമുണ്ട്. എന്നാൽ നിങ്ങൾ പ്രവാചകന്റെ യഥാർഥ അനുയായികളാണെങ്കിൽ, അദ്ദേഹം എവിടെയാണ് സ്ത്രീക്കു നേരേ കൈ ഓങ്ങിയിട്ടുള്ളതെന്ന് ആലോചിക്കൂ, ഒരിക്കലുമില്ല.
ഇവിടെ, ചിലർ ഭാര്യ മറുപടി പറഞ്ഞാൽ ദേഷ്യപ്പെടും. പലരും രാത്രി വൈകും വരെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നു. എന്നാൽ അവരുടെ ഭാര്യമാരും അമ്മമാരും അവർക്കായി വീട്ടിൽ കാത്തിരിക്കുകയാണ്. നിങ്ങളും ഇക്കാര്യങ്ങൾ മനസ്സിലാക്കണം.’’– ഉവൈസി വിശദീകരിച്ചു.