കേരളം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് റിംഗ് സുരക്ഷാ സംവിധാനം ഒരുക്കാൻ ഇന്‍റലിജൻസ് നിര്‍ദേശം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് റിംഗ് മാതൃകയില്‍ (നാലു വശവും) സുരക്ഷാ സംവിധാനം ഒരുക്കാൻ ഇന്‍റലിജൻസ് നിര്‍ദേശം. ഗവര്‍ണറുടെ പൈലറ്റ് വാഹനങ്ങളുടെ എണ്ണം നാലായി ഉയര്‍ത്താനും തീരുമാനിച്ചു.
രാജ്ഭവനു പുറത്തു താമസിക്കുന്ന സ്ഥലങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ഇന്നു കാലിക്കട്ട് സര്‍വകലാശാലാ ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ എത്തുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കാൻ നിര്‍ദേശം.
ഗവര്‍ണര്‍ സഞ്ചരിക്കുമ്പോൾ ഗവര്‍ണറുടെ കാറിന് ഇരുവശവും പോലീസിന്‍റെ പൈലറ്റ് വാഹനങ്ങളുണ്ടാകും. മുന്നിലും പിന്നിലുമായി പൈലറ്റ് വാഹനങ്ങള്‍ ക്രമീകരിക്കും. നിലവില്‍ മുന്നില്‍ മാത്രമായിരുന്നു പൈലറ്റ് വാഹനം.
ദ്രുതകര്‍മസേനാംഗങ്ങളെയും ഗവര്‍ണറുടെ സുരക്ഷായ്ക്കായി നിയോഗിക്കും. 18നു തിരുവനന്തപുരത്തു ഗവര്‍ണര്‍ മടങ്ങിയെത്തിയ ശേഷം ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.