കേരളം
കൊല്ലത്ത് ക്ഷേത്ര മൈതാനിയിൽ നവ കേരള സദസ് നടത്താൻ അനുമതിയില്ല: ഉത്തരവിട്ട് ഹൈക്കോടതി
കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.
കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.
അതിനിടെ ആലപ്പുഴയിൽ നവ കേരള സദസിനായി പര്യടനം തുടരുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിച്ച കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ സംഘം തല്ലിച്ചതച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് വച്ച് മര്‍ദ്ദനമേറ്റത്.