കേരളം
കണ്ടശാംകടവ് പാലത്തിൽ നിന്നും ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കാഞ്ഞാണി കണ്ടശാംകടവ് പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറനാട്ടുകര പുതുശ്ശേരി നേതാജി റോഡിൽ തയ്യിൽ വീട്ടിൽ ആകർഷ് സുരേഷിന്റെ (കുശൻ 27) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ കനോലി കനാലിൽ തൊയക്കാവ് കാളിയേക്കൽ ഭാഗത്ത് നിന്നും കണ്ടെത്തിയത്.
ഞായറാഴ്ച്ച എൽത്തുരുത്തിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്കെന്നും പറഞ്ഞത് വന്നതായിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടശാംകടവ് പാലത്തിൽ നിന്നും പേഴ്സും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. പൊലീസും ഫയർഫോഴ്സും രണ്ട് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വിമുക്ത ഭടൻ സുരേഷിന്റെ മകനാണ് മരിച്ച ആകർഷ്. ഇവരുടെ തറവാട്ടു വീട് കണ്ടശ്ശാംകടവിലാണ്. ബി കോം വിദ്യാർഥിയായിരുന്നു ആകർഷ്. ഇരട്ട സഹോദരനും സഹോദരിയും ഉണ്ട്. 15 വർഷമായി പുറനാട്ടുകരയിലാണ് ഇവർ താമസിക്കുന്നത്.