കേരളം
ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാകുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ
കൊച്ചിയിൽ ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച പശ്ചാത്തലത്തില്‍ മറ്റ് ഹോട്ടലുകളിലും പരിശോധ ശക്തമാക്കുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ. യുവാവിന്റെ മരണം ഏറെ ദുഖകരമാണെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും മരണകാരണം ഭക്ഷ്യവിഷബാധയെന്ന് വ്യക്തമായാൽ കർശന നടപടിയെന്നും നഗരസഭ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുൽ ഡി നായരെന്ന 24 കാരൻ മരണത്തിന് കീഴടങ്ങിയത്. പാഴ്സലായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായത്. കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്നാണ് രാഹുൽ പാഴ്സൽ ഷവർമ വാങ്ങിയത്. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. എന്നാൽ രക്ത പരിശോധഫലം / പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാർ പറയുന്നത്.
കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മാവേലിപുരത്തുള്ള ഉള്ള ഹോട്ടൽ ലേ ഹയാത്തിനെതിരെ ആണ് വീട്ടുകാർ പരാതി നൽകിയത്. ഇതിന് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. തൃക്കാക്കര നഗരസഭയാണ് ഹോട്ടലിനെതിരെ നടപടിയെടുത്തത്.