കേരളം
‘ഉടുതുണി പോലുമില്ല’: ഇടിച്ചുനിരത്തപ്പെട്ട വീടിന് മുന്നിൽ മൂന്ന് ദിവസമായി ലീല, ഇടപെട്ട് നാട്ടുകാര്‍
എറണാകുളം പറവൂരിൽ 56കാരി താമസിച്ചിരുന്ന വീട് ബന്ധു തകർത്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് നാട്ടുകാർ. കുടുംബ സ്വത്തിന്റെ ഒരു ഭാഗം ലീലക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം. വീട് തകർത്ത ബന്ധു രമേശനോട് ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു
ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് മൂന്ന് ദിവസമായി ലീല തകർന്ന തന്റെ വീടിന് മുന്നിൽ ഇരിക്കുന്നത്. പാചകം ചെയ്യുന്ന പാത്രങ്ങളും വസ്ത്രങ്ങളും രേഖകളും എല്ലാം ഇഷ്ടിക കൂട്ടങ്ങൾക്കിടയിലാണ്. ഇന്നലെ രാത്രി ബന്ധുവീട്ടിലാണ് ലീല കിടന്നുറങ്ങിയത്. കുടുംബ പ്രശ്നമാണെങ്കിലും മാനുഷിക പ്രശ്നം എന്ന നിലക്കാണ് നാട്ടുകാർ ലീലക്കൊപ്പം നിൽക്കുന്നത്. ലീല വിവാഹം കഴിച്ചിട്ടില്ല. ജനിച്ച് ജീവിച്ച മണ്ണിൽ നിന്നും കുടിയിറക്കുന്നത് അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.
ലീലയുടെ മൂത്ത ജ്യേഷ്ഠന്റെ മകൻ രമേശനാണ്, ലീല പുറത്തുപോയ സമയത്ത് മണ്ണുമാന്തി യന്ത്രം കൊണ്ട് വീട് തകർത്തത്. അച്ഛന്റെ പേരിലുള്ള സ്ഥലത്തിന്റെ അവകാശി താനാണെന്നാണ് രമേശൻ പറയുന്നത്. ബാങ്ക് വായ്പ ജപ്തി ഘട്ടത്തിലായതോടെ വീട് ഇടിച്ച് നിരത്തി 22 സെന്റിൽ ഒരു വിഹിതം വിൽപന നടത്താനാണ് രമേശൻ പദ്ധതിയിട്ടത്. സ്വത്ത് അവകാശത്തെ ചൊല്ലി മറ്റ് ബന്ധുക്കളും തർക്കത്തിലാണ്. രമേശനെതിരെ കേസെടുത്ത പറവൂർ പൊലീസ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്തി ഘട്ടത്തിൽ വീട് തകർത്തതോടെ വായ്പാ ചട്ടങ്ങളും രമേശൻ ലംഘിച്ചിരിക്കുകയാണ്.
സംരക്ഷിക്കാമെന്ന ധാരണയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലീല വീട് സഹോദരന് ശിവന്റെ പേരിലേക്ക് മാറ്റി നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് ശിവന് മരിച്ചു. ഇതോടെ ഉടമസ്ഥാവകാശം മകന് രമേശനായി. തുടര്‍ന്ന് ലീലയെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ നിരന്തര ശ്രമങ്ങളുണ്ടായെന്നാണ് പരാതി. ഇതിനൊടുവിലാണ് വീട് ഇടിച്ചുനിരത്തുന്ന സംഭവം നടന്നത്.