കേരളം
കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ മോഷണം
ഇടുക്കി നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ മോഷണം. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. സിസിടിവി തകർത്തശേഷമാണ് ശ്രീകോവിൽ കുത്തി തുറന്ന് മോഷണം നടത്തിയത്.തുടർന്ന് സിസിടിവി ക്യാമറകളും മോണിറ്റർ, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കള്ളൻ കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്നത്. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് റൂമിൽ ഉണ്ടായിരുന്ന അലമാരയിൽ നിന്നും സ്വർണവും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി പറഞ്ഞു. എന്നാൽ കാണിക്ക വഞ്ചിയിൽ നിന്നും നോട്ടുകൾ മാത്രമാണ് പ്രതികൾ മോഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ മഹാസ്കന്ദ ഷഷ്ഠി പൂജ നടന്നിരുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പൂജയായിരുന്നു നടന്നത്. ഇത് മനസ്സിലാക്കിയാകാം മോഷ്ടാവ് എത്തിയതെന്നാണ് ക്ഷേത്ര ഭരണസമിതി പറയുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് സൂചന. വിവരമറിഞ്ഞ് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.